Wednesday, May 8, 2024
spot_img

ഇടുക്കിയിൽ തെരുവുനായ ആക്രമണം രൂക്ഷം; വയോധിക നടന്നു പോകുന്നതിനിടെ പിന്നിലൂടെയെത്തി ആക്രമിച്ചു; കൈയ്ക്കും നടുവിനും ഗുരുതര പരിക്ക്

കട്ടപ്പന: ഇടുക്കിയിൽ വീണ്ടും തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കട്ടപ്പന നിർമ്മലാസിറ്റിയിൽ തെരുവുനായയുടെ ആക്രമണത്തിൽ വയോധിക അടക്കം രണ്ട് പേർക്ക് പരിക്കേറ്റു. വ്യാപാര സ്ഥാപനം തുറക്കാനായി പോകുന്നതിനിടെ കട്ടപ്പന നിർമല സിറ്റി സ്വദേശി ലളിത സോമനെയാണ് തെരുവ് നായ ആക്രമിച്ചത്. നായയുടെ ആക്രമണത്തിൽ കൈയ്ക്കും നടുവിനും സാരമായ പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് നടന്നു പോകുന്നതിനിടെ പിന്നിൽ നിന്നെത്തിയ തെരുവുനായ ലളിതയെ ആക്രമിച്ചത്. മുതുകിലും കടിയേറ്റ നിലത്ത് വീണ ഇവരുടെ കൈപ്പത്തിയും നായ കടിച്ചു കീറി. നടുവിനേറ്റ കടിയില്‍ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. അലർച്ച കേട്ടെത്തിയ മകനാണ് വയോധികയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ലളിത കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

നിർമ്മല സിറ്റിയിലെ തന്നെയുള്ള പ്ലാത്തോട്ടത്തിൽ അരുൺ മോഹനും ഇന്നലെ പട്ടി കടിയേറ്റിരുന്നു. രാത്രി വീടിനു മുന്നിൽ നിൽക്കുമ്പോഴാണ് അരുണിനെ തെരുവുനായ കടിച്ചത്. നായയുടെ ആക്രമണത്തില്‍ അരുണിന്‍റെ കാലിന് സാരമായി പരിക്കേറ്റു. അരുണും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരേയും കടിച്ചത് ഒരു നായ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു . തുടർച്ചയായ രണ്ട് ദിവസങ്ങളിലും തെരുവ് നായ ആക്രമണമുണ്ടായതോടെ ആശങ്കയിലാണ് നാട്ടുകാർ.

Related Articles

Latest Articles