കൊല്ലം : ശാസ്താംകോട്ടയിൽ സ്ത്രീകളെ അക്രമിച്ച തെരുവുനായ ചത്തു. പേവിഷബാധയേറ്റാകാം നായ ചത്തതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു സ്ത്രീകൾക്കാണ് കഴിഞ്ഞ ദിവസം വൈകിട്ട് നായയുടെ കടിയേറ്റത്. വീടിന് മുന്നിൽ നിന്ന സ്ത്രീയെയും, റോഡരികിലൂടെ നടന്നു വരികയായിരുന്ന മറ്റൊരു സ്ത്രീയെയുമാണ് നായ ആക്രമിച്ചത്.
ഇതിന് പുറമെ ഒരു വളർത്ത് പൂച്ചയെയും നായ കടിച്ചിരുന്നു. പ്രദേശത്തെ മറ്റു തെരുവ് നായകളെയും ഇത് കടിച്ചതായി നാട്ടുകാർക്ക് സംശയം ഉണ്ട്. നിലവിൽ നായ ചത്തത് നാട്ടുകാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തെരുവുനായ ശല്യം വർദ്ധിച്ചതിനാൽ തിങ്കളാഴ്ച പ്രദേശത്ത് മെഗാ ക്യാമ്പ് നടത്താൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചു. പ്രദേശത്തുള്ള തെരുവുനായ്‌ക്കളെ കണ്ടെത്താനും ഇവയെ വന്ധ്യംകരിക്കാനുമാണ് മെഗാ ക്യാമ്പ് നടത്തുന്നത്.

