Friday, May 17, 2024
spot_img

കേരളരാഷ്ട്രീയത്തിലെ പാരിസ്ഥിതിക ദുരന്തമായി സിപിഐ..അഴിഞ്ഞു വീണത് ആദർശ താത്വികന്മാരുടെ പൊയ്മുഖങ്ങൾ

തിരുവനന്തപുരം : സി.പി.ഐ നേതാക്കള്‍ക്ക് പണ്ട് മുതേല ഒരു മുഖമുണ്ട്. ആദര്‍ശധീരന്‍മാര്‍, സത്യസന്ധര്‍, പ്രകൃതി സ്‌നേഹികള്‍ എന്ന് വേണ്ട എല്ലാമെല്ലാമാണ്. പക്ഷെ മുട്ടില്‍ മരംമുറി കേസ് വന്നപ്പോഴാണ് ഇവരുടെ തനിനിറം നാട്ടുകാര്‍ കാണുന്നത്. നേതാക്കള്‍ക്ക് ഇപ്പോള്‍ ദേഷ്യം മുഴുവന്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരോടാണ്. മരം മുറിക്കരുതെന്ന് ഫയലില്‍ എഴുതിയ റവന്യൂ വകുപ്പിലെ സകലമാന ഉദ്യോഗസ്ഥരേയും മറ്റ് വകുപ്പുകളിലേക്ക് പറപ്പിച്ചാണ് ഇപ്പോള്‍ കലി തീര്‍ക്കുന്നത്. മരം മുറിക്കാന്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം നിയമവിരുദ്ധമെന്ന് ഫയലില്‍ എഴുതിയ അഡീഷണല്‍ സെക്രട്ടറി ഗിരിജാകുമാരിയെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കും സെക്രട്ടറിയേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ബെന്‍സിയെ കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്കും മരംമുറിയുമായി ബന്ധപ്പെട്ട് വിവരാവകാശം നല്‍കിയ അണ്ടര്‍ സെക്രട്ടറി ശാലിനിയോട് ലീവില്‍ പോകാനുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

റവന്യൂ വകുപ്പ് ഇടതുമുന്നണി ഭരണത്തില്‍ വരുമ്പോഴെല്ലാം ഭരിക്കുന്നത് സി.പി.ഐയാണ്. വനംവകുപ്പും കാലാകാലങ്ങളായി അവര്‍ക്ക് തന്നെയാണ് പതിച്ച് നല്‍കാറുള്ളത്. ഇക്കുറി മാത്രം എന്തോ വനം വകുപ്പ് വേണ്ടെന്ന് പറയാന്‍ പ്രേരിപ്പിച്ച ചേതോവിതാരം ഇനിയും മനസിലായിട്ടില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ കെ.രാജു ആയിരുന്നു വനം മന്ത്രി. സി.പി.ഐ പൊതുവേ പ്രകൃതിസ്‌നേഹികളേയും പരിസ്ഥിതിവാദികളേയും കൊണ്ട് സമൃദ്ധമാണ്. നിലവിലെ കൃഷിമന്ത്രി പി.പ്രസാദ് തന്നെ തികഞ്ഞ പരിസ്ഥിതി ഭക്തനാണ്. ബിനോയ് വിശ്വമാണെങ്കില്‍ ആമസോണില്‍ തീപിടിച്ചാല്‍ ഇവിടെ വെള്ളം ഒഴിക്കാന്‍ തയ്യാറുള്ള നേതാവുമാണ്. അദ്ദേഹം ചെറുപ്പത്തില്‍ ബുഡാപെസ്റ്റിലും റഷ്യയിലുമൊക്കെ പോയി പഠനം നടത്തിയ ആളുമാണ്. എന്ത് ചെയ്യാം പാര്‍ട്ടി പറഞ്ഞാല്‍ അനുസരിക്കുകയല്ലേ മാര്‍ഗമുള്ളൂ.

പണ്ട് കാന്തലോട്ട് കുഞ്ഞമ്പു എന്നൊരു വനം മന്ത്രി ഉണ്ടായിരുന്നു നമുക്ക് . സി.പി.ഐക്കാരനുമായിരുന്നു. വിദേശപഠനമൊന്നും നടത്തിയിട്ടില്ലെങ്കിലും കേരളത്തിലെ കാട്ടുകള്ളന്‍മാര്‍ക്ക് അദ്ദേഹം ഒരു പേടിസ്വപ്‌നമായിരുന്നു. അച്യുതമേനോന്‍, വി.വി.രാഘവന്‍ , എസ്.കുമാരന്‍ , ടി.വി.തോമസ്, എം.എന്‍.ഗോവിന്ദന്‍ നായര്‍ തുടങ്ങിയ മഹാന്‍മാരായ മനുഷ്യര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് ഇപ്പോള്‍ കാട്ടുകള്ളന്‍മാര്‍ക്ക് പാതയൊരുക്കുന്നത് എന്നത് ഏറ്റവും ദുഖകരമാണ്. കഴിഞ്ഞ ദിവസം മുന്‍ റവ്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുട്ടില്‍മരംമുറിയുടെ എല്ലാ ഉത്തരവാദിത്തവും സ്വയം ഏറ്റെടുക്കുന്നത് കേരളം കണ്ടതാണ്. മന്ത്രിയായിരുന്ന കാലയളവില്‍ ഒന്നും ദുഷ്‌പ്പേര് കേള്‍പ്പിക്കാതിരുന്ന ചന്ദ്രശേഖരന്റെ മുഖത്ത് കുരിശ് ചുമക്കുന്നവന്റെ ഭാവമാണ് കണ്ടത്. നേതാക്കന്‍മാര്‍ പറഞ്ഞ് പഠിപ്പിച്ചത് അദ്ദേഹം തത്ത പറയും പോലെ പറയുമ്പോള്‍ മണ്‍മറഞ്ഞ സി.പി.ഐയിലെ പല നേതാക്കന്‍മാരുടേയും ആത്മാവ് പോലും പൊറുക്കുന്നുണ്ടായിരിക്കില്ല.

നമ്മുടെ നാട്ടിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെല്ലാം വന്ന് ഭവിച്ച ദുര്യോഗമാണ് സി.പി.ഐയേയും വേട്ടയാടുന്നത്. ഇന്നത്തെ കാലത്ത് പാര്‍ട്ടി നടത്തി്‌കൊണ്ട് പോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലല്ലോ. പിന്നെ ഇതൊക്കെ തന്നെ ശരണം. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അകത്ത് കത്തിയും പുറത്ത് പച്ചയും അത്രമാത്രം.

Related Articles

Latest Articles