തൃശ്ശൂര്‍: വടക്കാഞ്ചേരി ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മുൻ എം എൽ എ അനിൽ അക്കര.അഴിമതിയുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ച കള്ളമാണെന്ന് അനിൽ അക്കര വ്യക്തമാക്കി.നിർണ്ണായകമായ തെളിവുകൾ അടക്കം കാണിച്ചാണ് അനിൽ അക്കരയുടെ വെളിപ്പെടുത്തൽ.വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് നിർമാണത്തിന് വിദേശ സഹായം കൈപ്പറ്റാൻ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നാണ് അനിൽ അക്കര വ്യക്തമാക്കിയത്.
യോഗം ചേർന്നത് ക്ലിഫ് ഹൌസിൽ വച്ചായിരുന്നുവെന്നും വെളിപ്പെടുത്തി.മുഖ്യമന്ത്രിയുടെ യോഗത്തിൽ കോൺസൽ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നും വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചുവെന്നും അനില്‍ അക്കര ആരോപിച്ചു. യോഗം ചേർന്നതിന്റെ റിപ്പോർട്ട് അക്കര വാർത്തസമ്മേളനത്തിൽ പുറത്ത് വിട്ടു. ലൈഫ് മിഷൻ സിഇഒ യു വി ജോസ്, മുൻ മന്ത്രി എ സി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിയ്ക്ക് നൽകിയ കത്താണ് അനിൽ അക്കര പുറത്തുവിട്ടത്.
ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്. ഇത്രയും ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും മുഖ്യമന്ത്രി എന്ത് കൊണ്ടാണ് മൗനം പാലിക്കുന്നതെന്നും കേരളമെന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന പദവിലയിലിരിക്കാൻ പിണറായി വിജയൻ യോഗ്യനാണോ എന്നും ചിന്തിക്കണമെന്ന് അനിൽ അക്കര വ്യക്തമാക്കി.

