Saturday, April 20, 2024
spot_img

സുബിയുടേത് അപ്രതീക്ഷിത വിടവാങ്ങൽ ; ഞെട്ടൽമാറാതെ സിനിമാലോകം,ആദരാഞ്ജലികള്‍ അര്‍പ്പിക്കാൻ താരനിര

കൊച്ചി: തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ േനടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് സിനിമാലോകത്തോട് വിടപറഞ്ഞു.സുബിയുടെ മരണം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. സുബിയുടെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ക്ക് മാത്രമല്ല സിനിമ ടിവി രംഗത്ത് തന്നെ അറിഞ്ഞവര്‍ അപൂര്‍വ്വമായിരുന്നു. നാല്പത്തിയൊന്നാമത്തെ വയസിലാണ് സുബിയുടെ വിടവാങ്ങല്‍. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നടക്കവെയാണ് മരണം സുബിയെ കവർന്നെടുത്തത്.

സുബിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് ഇപ്പോള്‍ സിനിമ ടിവി ലോകം. മമ്മൂട്ടി, ആസിഫലി, ദിലീപ്, മുകേഷ്, ഭാവന, കുഞ്ചാക്കോ ബോബന്‍, ജയറാം,മാമുക്കോയ,കലാഭവൻ ഷാജോൺ,രമേഷ്‌പിഷാരടി,ടിനി ടോം,മഞ്ജു പിള്ള ഇങ്ങനെ പ്രമുഖര്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. അതേ സമയം സുബിയുടെ സംസ്കാരം നാളെ വൈകീട്ട് നടക്കും എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്.

മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്.

അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.

Related Articles

Latest Articles