Monday, April 29, 2024
spot_img

ഓർമ്മകളിൽ സുബി ..

മലയാളികളെ ഒത്തിരി ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സുബി സുരേഷ് ഇനി നമ്മോടൊപ്പമില്ല എന്ന യാഥാർഥ്യം ഇനിയും അംഗീകരിക്കാൻ നമ്മളിൽ പലർക്കും കഴിഞ്ഞിട്ടില്ല. മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് കാല്പനികമായി പറയുമെങ്കിലും അത് ആഴത്തിൽ കുത്തി നോവിപ്പിക്കുന്നത് നമ്മളെ അത്രമേൽ സ്വാധീനിച്ച, നമുക്ക് അത്രമേൽ പ്രിയപ്പെട്ട ഒരാളെ മരണം നമ്മളിൽ നിന്ന് തട്ടിയെടുക്കുമ്പോഴാണ്. ഇന്ന് മലയാളികൾക്കെല്ലാം മരണം രംഗബോധമില്ലാത്ത കോമാളിയാണ്. എന്തെന്നാൽ മലയാളികൾ അത്രമേൽ സ്നേഹിച്ചിരുന്ന സുബിയെയാണ് ഇന്ന് മരണം തട്ടിയെടുത്തിരിക്കുന്നത്.

കൈപിടിച്ചു നടത്തുവാൻ സിനിമയിൽ ഗോഡ്ഫാദർമാരില്ലാതിരുന്ന സുബി ഒരിക്കലും സിനിമാ രംഗം സ്വപനം കണ്ടിട്ടില്ല. ബ്രേക്ക് ഡാൻസ് നല്ല രീതിയിൽ കളിക്കുമായിരുന്ന സുബിയെ ടിനി ടോം ആണ് സിനിമാല ടീമിനു പരിചയപ്പെടുത്തുന്നത്. ഒന്നുരണ്ടു പരിപാടി ചെയ്തു നിർത്താം എന്നു കരുതിയാണ് തുടങ്ങിയതെങ്കിലും വിധി സുബിയെ ലോകമറിയുന്ന ഒരു കലാകാരിയാക്കി മാറ്റി . ഒരു സൈനികയായി രാജ്യത്തെ സേവിക്കണമെന്ന സ്വപനം ഉപേക്ഷിച്ച്. ജീവിത സാഹചര്യങ്ങൾ മൂലം കലാരംഗത്തു തന്നെ നിലനിൽക്കാൻ സുബിപ്രേരിതയായി എന്ന് പറയുന്നതാകും കൂടുതൽ ശരി . സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിച്ച സുബി കുടുംബത്തിനും ജീവിതത്തിനും വേണ്ടിയാണ് കലാരംഗത്തു തുടരാൻ തീരുമാനിച്ചത്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് സുബി സിനിമാലയിലൂടെ പ്രശസ്തയാകുന്നത്. പിന്നീട് ഡിഗ്രിക്ക് ക്ലാസിൽ കയറാൻ പോലും സാധിക്കാത്ത രീതിയിൽ തിരക്കും പരിപാടികളുമായി. ഇതിനിടയിൽ സൈനിക എന്ന സ്വപ്നവും സുബി ഉപേക്ഷിച്ചു. തന്റെ നഷ്ടങ്ങളൊന്നും പിന്നീട് തന്നെ വലിയ രീതിയിൽ ബാധിച്ചിട്ടില്ലെന്ന് ഒരു അഭിമുഖത്തിൽ അവർ പറഞ്ഞിട്ടുണ്ട്. പ്രതിസന്ധികളിൽനിന്നു ജീവിതത്തെ കരപറ്റിച്ചതും എല്ലാവരും ഇഷ്ടപ്പെടുന്ന താരമായി സുബിയെ മാറ്റിയതും ഇത്തരത്തിലുള്ള പോസിറ്റിവ് ചിന്താ ഗതി തന്നെയായിരുന്നു .

ജീവിതത്തിൽ എന്തു തീരുമാനമെടുക്കുമ്പോളും സുബി അമ്മയെ ചേർത്തു പിടിക്കുമായിരുന്നു. ജീവിതത്തിൽ തളർന്നു പോയപ്പോഴെല്ലാം അമ്മയായിരുന്നു സുബിയുടെ നട്ടെല്ല്. സ്റ്റേജ് ഷോയ്ക്കായി വിദേശ രാജ്യങ്ങളിൽ പോകുമ്പോഴും എങ്ങനെയെങ്കിലും അമ്മയെ മുടങ്ങാതെ വിളിക്കാനും സുബി എന്നും ശ്രദ്ധിച്ചിരുന്നു. ജീവിതത്തിൽ എല്ലാ സൗഭാഗ്യങ്ങളും നൽകിയതും കലാരംഗമാണ് എന്ന യാഥാർഥ്യം അവർ എന്നും നെഞ്ചിലേറ്റിയിരുന്നു . പല സ്ഥലങ്ങളിലും അവരത് പരസ്യമാക്കുകയും ചെയ്തിരുന്നു. സ്വന്തമായി ഒരു വീട് എന്ന സ്വപ്നം ആറു വർഷം മുൻപാണ് സാധ്യമായത്. വരാപ്പുഴയ്ക്കടുത്ത് കൂനമ്മാവിലാണു വീട്. വീടിന്റെ പേര് ‘എന്റെ വീട്’ എന്നാണ്. കോവിഡ് കാലത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ സുബി ആരംഭിച്ചിരുന്നു. രസകരമായ വിഡിയോകൾ മാത്രമല്ല, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവർക്കു നൽകിയ ചുട്ട മറുപടികളും ചാനലിനെ പലരുടെയും പ്രിയപ്പെട്ടതാക്കി.

വിവാഹത്തെ പറ്റി മുൻപു ചിന്തിച്ചിട്ടില്ലെന്നും എന്നാൽ ഉടൻ വിവാഹമുണ്ടായേകുകമെന്നും കുറച്ചുനാൾ മുൻപ് സുബി വെളിപ്പെടുത്തിയപ്പോൾ മലയാളികൾ ഏറെ സന്തോഷിച്ചു. ഒരാൾ എന്നെ വിവാഹം കഴിക്കാൻ തയ്യാറായെന്നും ഉടൻ തന്നെ വിവാഹമുണ്ടാകുമെന്നും സുബി പറഞ്ഞെങ്കിലും മരണമെന്ന കോമാളി സുബിയുടെ ജീവൻ കവർന്നെടുത്തു.

സുബി ഏറെ ആഗ്രഹത്തോടെ പണിത വാരാപ്പുഴയിലെ എന്റെ വീട്ടിൽ നാളെ 8 മണി മുതൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും .തുടർന്ന് പുത്തൻപള്ളി ഹാളിൽ 10 മണി മുതൽ 3 മണി വരെ നടക്കുന്ന പൊതുദർശനത്തിനു ശേഷം 3.30 ഓടെ ചേരാനല്ലൂർ പൊതുശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

പ്രിയപ്പെട്ട സുബി..നിങ്ങൾക്ക് മരണമില്ല..മലയാളി ഉള്ളിടത്തോളം കാലം നിങ്ങൾ ഓർമ്മിക്കപ്പെടുക തന്നെ ചെയ്യും.ഓർമ്മകൾക്ക് മരണമെവിടെയാണ്.. ഓർമ്മിക്കപ്പെടുവോളം..

Related Articles

Latest Articles