Monday, December 22, 2025

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം 2 ദിവസം കൂടി നീട്ടി

തിരുവനന്തപുരം: കനത്ത ചൂട് തുടരുന്നതിനാല്‍ സംസ്ഥാനത്തു ജാഗ്രതാ നിര്‍ദേശം 2 ദിവസം കൂടി നീട്ടി. വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്നും നാളെയും ചൂട് ശരാശരിയില്‍ നിന്നു 3 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്ട് താപനില ഇന്നലെ വീണ്ടും 40 ഡിഗ്രിക്കു മുകളിലായി. 40.2 ഡിഗ്രി. കണ്ണൂര്‍ ജില്ലയില്‍ ഇന്നലെ 2 പേര്‍ക്കു പൊള്ളലേറ്റു.

അതേസമയം കേരളത്തില്‍ വേനല്‍മഴയിലെ കുറവ് 65% ആയി ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ച്‌ മുതല്‍ ഇന്നലെ വരെ
ശരാശരി 59.5 മില്ലിമീറ്റര്‍ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. പെയ്തത് 20.8 മില്ലിമീറ്റര്‍ മാത്രം. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മഴ 90 ശതമാനത്തിനു മുകളില്‍ കുറഞ്ഞു.പത്തനംതിട്ട, വയനാട് ജില്ലകളിലാണു താരതമ്യേന വേനല്‍മഴ ലഭിച്ചത്.

സംസ്ഥാനത്ത് ചൂട് കനത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പാക്കാന്‍ നടപടിയെടുക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 306 തദ്ദേശ സ്ഥാപനങ്ങളില്‍ ടാങ്കറില്‍ കുടിവെള്ളം കിയോസ്‌കുകളില്‍ എത്തിച്ച്‌ വിതരണം തുടങ്ങി. 20 പഞ്ചായത്തുകള്‍ ജലവിതരണത്തിന് കലക്ടര്‍മാരുടെ സാമ്പത്തിക സഹായം തേടിയിട്ടുണ്ട്. ജല അതോറിറ്റി, ജലസേചന വകുപ്പ് എന്‍ജിനിയര്‍മാരുടെ നേതൃത്വത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ ജില്ലാതലത്തില്‍ കമ്മിറ്റി രൂപവല്‍ക്കരിക്കാനും നിര്‍ദേശം നല്‍കി.

Related Articles

Latest Articles