മുംബൈ: അന്തരിച്ച എൻസിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാർ മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് ചേർന്ന എൻസിപി നിയമസഭാ കക്ഷിയോഗം സുനേത്രയെ കക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. നിയമസഭാ കക്ഷിയോഗത്തിൽ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ സുനേത്രയുടെ പേര് നിർദേശിച്ചു. മറ്റുനേതാക്കൾ പിന്താങ്ങുകയും എംഎൽഎമാർ ഏകകണ്ഠമായി സുനേത്രയെ തിരഞ്ഞെടുക്കുകയും ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.
അജിത് പവാർ കൈകാര്യം ചെയ്ത വകുപ്പുകളാകും സുനേത്രയ്ക്ക് നൽകുക. സുനേത്രാ പവാർ നിലവിൽ രാജ്യസഭാ എംപിയാണ്. അജിത്പവാറിന്റെ വിയോഗത്തെത്തുടർന്ന് ഒഴിവുവരുന്ന ബാരാമതി നിയമസഭാ സീറ്റിൽ അവർ മത്സരിക്കും.

