Friday, May 17, 2024
spot_img

ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാൾ; ഇന്ത്യയുടെ ബാറ്റിംഗ് ഇതിഹാസം സുനിൽ ഗവാസ്‌കർ 74ൻറെ നിറവിൽ

ലോകം കണ്ട എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരില്‍ ഒരാളായ സുനില്‍ ഗവാസ്‌കറിന് ഇന്ന് 74 ആം പിറന്നാൾ. ആരാധകരുടെ ഇടയില്‍ ‘ലിറ്റില്‍ മാസ്റ്റര്‍’ എന്നറിയപ്പെടുന്ന ഈ ഇതിഹാസ താരത്തിന്റെ പ്രതിഭയും കളിക്കളത്തിലെ മനോഭാവവും നിശ്ചയദാര്‍ഢ്യവുമൊക്കെ ബൗളര്‍മാര്‍ക്ക് എന്നും പേടിസ്വപ്നമായിരുന്നു. 1987 നവംബറില്‍ കളിക്കളം വിടുന്നത് വരെ 16 വര്‍ഷക്കാലം ഇദ്ദേഹം ഇന്ത്യയുടെ ജേഴ്സി അണിഞ്ഞിട്ടുണ്ട്. ബാറ്റിങ് സംബന്ധിയായ നിരവധി ലോക റെക്കോര്‍ഡുകളുടെ ഉടമ കൂടിയാണ് സുനില്‍ ഗവാസ്‌കര്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് നേടുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സുനില്‍ ഗവാസ്‌കര്‍. അഹമ്മദാബാദില്‍ വെച്ച് 1987 മാര്‍ച്ച് 7ന് പാകിസ്ഥാനെതിരെ നടന്ന ടെസ്റ്റ് മാച്ചിലാണ് അദ്ദേഹം ഈ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. അന്ന് സുനില്‍ ഗവാസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10,122 റണ്‍സ് പിന്നിട്ടു. ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് ഏറെക്കാലം സ്വന്തം പേരില്‍ നിലനിര്‍ത്തിയ താരമാണ് ലിറ്റില്‍ മാസ്റ്റര്‍. 125 ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 34 സെഞ്ചുറികളാണ് ഇദ്ദേഹം നേടിയത്. പിന്നീട്, 2005-ല്‍ ‘ക്രിക്കറ്റിന്റെ ദൈവം’ എന്നറിയപ്പെടുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ സുനില്‍ ഗവാസ്‌കറിന്റെ റെക്കോര്‍ഡ് മറികടന്നു.

1970-80 കാലഘട്ടം വെസ്റ്റ് ഇന്‍ഡീസിനെ സംബന്ധിച്ച് ക്രിക്കറ്റില്‍ വളരെ പ്രത്യേകതകള്‍ നിറഞ്ഞ വര്‍ഷങ്ങളായിരുന്നു. അവരെ തോല്‍പ്പിക്കുക പ്രയാസം നിറഞ്ഞ കടമ്പയായാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാല്‍, സുനില്‍ ഗവാസ്‌കറിനെ സംബന്ധിച്ചിടത്തോളം റണ്‍സ് നേടുന്ന കാര്യത്തില്‍ വെസ്റ്റ് ഇന്‍ഡീസായിരുന്നു പ്രിയപ്പെട്ട എതിര്‍ ടീം. വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിച്ച 27 മാച്ചുകളിലായി 13 സെഞ്ചുറികളാണ് ഈ ഇതിഹാസ താരം അടിച്ചു കൂട്ടിയത്.

Related Articles

Latest Articles