Monday, May 20, 2024
spot_img

സപ്ലൈകോ ഉത്പന്നങ്ങള്‍ വിലക്കുറവോടെ ഇനി വീട്ടിലെത്തും; ഓണ്‍ലൈന്‍ വില്‍പ്പനയും മൊബൈല്‍ ആപ്പും ആരംഭിച്ചു

തിരുവനന്തപുരം: സപ്ലൈകോ ഉത്പന്നങ്ങള്‍ വിലക്കുറവോടെ ഇനി വീട്ടിലെത്തും. അതും 30 ശതമാനം വരെ വിലക്കുറവോടെ. ഓണ്‍ലൈന്‍ വില്പനയുടെ സംസ്ഥാനതല ഉദ്ഘാടനവും ‘സപ്ലൈ കേരള’ മൊബൈല്‍ ആപ്പ് ലോഞ്ചും ഇന്ന് തൃശൂരില്‍ നടന്നു.

തൃശൂരിലെ മൂന്ന് ഔട്ട്ലെറ്റുകളിലാണ് പരീക്ഷണ അടിസ്ഥാനത്തില്‍ സപ്ലൈകോ ഹോം ഡെലിവറി ആദ്യഘട്ടം തുടങ്ങുക. രണ്ടാംഘട്ടം 2022 ജനുവരി ഒന്നിന് എല്ലാ കോര്‍പറേഷന്‍ ആസ്ഥാനങ്ങളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ തുടങ്ങും. മൂന്നാംഘട്ടം ഫെബ്രുവരി ഒന്നിന് ജില്ലാ ആസ്ഥാനങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലും നടപ്പിലാക്കിയതിനു ശേഷം കുറവുകള്‍ പരിഹരിച്ച്‌ നാലാംഘട്ടം മാര്‍ച്ച്‌ 31ന് മുന്‍പായി കേരളത്തിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും നടപ്പാക്കും.

ആകര്‍ഷകമായ ഓഫറുകളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും. ഓണ്‍ലൈന്‍ ബില്ലിന് അഞ്ചു ശതമാനം കിഴിവുണ്ടാകും. 1,000 രൂപയ്ക്കുമുകളിലുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ഒരു കിലോ ശബരി ചക്കി ആട്ട നല്‍കും. 2,000 രൂപയ്ക്കുമുകളിലുമുള്ള ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ജാര്‍ ശബരി ഗോള്‍ഡ് തേയില നല്‍കും. 5,000 രൂപയ്ക്ക് മുകളിലെ ബില്ലിന് അഞ്ചു ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ പൗച്ചും നല്‍കും.

കേരളത്തിലെ ഏകദേശം 500ല്‍ അധികം വരുന്ന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ അവയുടെ 10.കി.മീ ചുറ്റളവില്‍ ഹോം ഡെലിവറി നടത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 4 കിലോമീറ്ററിനുള്ളില്‍ 5 കിലോ തൂക്കം വരുന്ന ഒരു ഓര്‍ഡര്‍ വിതരണം ചെയ്യുന്നതിന് ചുരുങ്ങിയത് 35 രൂപ രൂപയും ജിഎസ്ടിയുമാണ് ഈടാക്കുന്നത്. എന്നാല്‍, അധിക ദൂരത്തിനും ഭാരത്തിനും അനുസരിച്ച്‌ വിതരണ നിരക്ക് വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Related Articles

Latest Articles