Thursday, May 9, 2024
spot_img

പരാതി പറയാൻ വിളിച്ചപ്പോൾ പോലീസ് മോശമായി സംസാരിച്ചു; കേരള പൊലീസിനെതിരെ ആര്‍.ശ്രീലേഖ

തിരുവനന്തപുരം: കേരള പൊലീസിനെതിരെ വിമര്‍ശനവുമായി മുന്‍ ഡിജിപി ആര്‍.ശ്രീലേഖ. ഒരു വീട്ടമ്മയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസിനെ ബന്ധപ്പെട്ടപ്പോള്‍ വളരെ മോശം അനുഭവമാണ് തനിക്കുണ്ടായതെന്നും ശംഖുമുഖം എസിപി തന്നോട് ഫോണിലൂടെ പൊട്ടിത്തെറിച്ചെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു മുന്‍ഡിജിപിയുടെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്നും ശ്രീലേഖ ചോദിക്കുന്നു.
ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്;

എന്തുകൊണ്ടാണ് പോലീസിന് ഇത്രയും ചീത്തപ്പേരുണ്ടായത്? തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറില്‍ നിന്നും എനിക്കും വളരെ മോശം അനുഭവമാണുണ്ടായത്. ലിജി എന്ന സാധാരണക്കാരിയായ സ്ത്രീ സഹായം തേടി എന്നെ വിളിച്ചിരുന്നു. വളരെ മോശം അവസ്ഥയിലാണ് അവളെന്റെ സഹായം തേടിയത്. പല സ്ത്രീകളേയും പോലെ ആത്മഹത്യയുടെ വക്കിലായിരുന്നു അവള്‍.

ഭയാനകമായ പീഡനങ്ങളാണ് അവള്‍ നേരിട്ടത്. വലിയതുറ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍ മറ്റു ചില പോലീസ് ഓഫീസുകള്‍. അവരെല്ലാം അവളെ ഭീഷണിപ്പെടുത്തി. സ്വന്തം കുഞ്ഞുമായി ഭര്‍ത്താവിന്റെ വീടൊഴിയാനാണ് പൊലീസുകാ‍ര്‍ അവളോട് ആവശ്യപ്പെട്ടത്. ഈ വിഷയത്തെക്കുറിച്ച്‌ സംസാരിക്കാനായി ശംഖുമുഖം അസി.കമ്മീഷണറെ വിളിച്ചപ്പോള്‍ അയാള്‍ എന്നോട് ഫോണിലൂടെ പൊട്ടിത്തെറിക്കുകയാണ് ചെയ്തത്. സ്വന്തം പേര് വെളിപ്പെടുത്തി സംസാരിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഈ വിഷയത്തില്‍ ഞാന്‍ പൊലീസിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് അയാള്‍ എന്നോട് പറഞ്ഞു. ഇങ്ങനെയുള്ള സ്ത്രീകള്‍ പറയുന്ന കഥകള്‍ കേട്ട് തന്നെ പോലെയുള്ള ഉദ്യോ​ഗസ്ഥരെ വിളിക്കരുതെന്നും എ.സി.പി എന്നോട് ആവശ്യപ്പെട്ടു.

എസിപിയുടെ ഈ പെരുമാറ്റത്തെ കുറിച്ച്‌ പരാതിപ്പെടാന്‍ ഞാന്‍ ക്രമസമാധാനചുമതലയുള്ള എഡിജിപിയെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം എന്റെ കോള്‍ എടുത്തില്ല. കാര്യങ്ങള്‍ വിശദീകരിച്ച്‌ അദ്ദേഹത്തിന് ഞാനൊരു എസ്.എംഎസ് അയച്ചു. എന്താണ് എഡിജിപി ചെയ്യുന്നത് എന്ന് നോക്കാം…. പാവം ലിജി… ആത്മഹത്യ മാത്രമായിരിക്കുമോ ഇനി അവള്‍ക്കുള്ള ഏകവഴി എന്നാണ് എന്റെ ആശങ്ക.

Related Articles

Latest Articles