Wednesday, May 15, 2024
spot_img

ഗോവയിൽ പരീക്കറിന്റെ മകനെ പിന്തുണയ്ക്കൂ;നിയമസഭാ തിരഞ്ഞെടുപ്പിൽ ‘വോട്ട് ചോദിച്ച്’ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്

പനാജി:അടുത്ത മാസം നടക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകനു വേണ്ടി ‘വോട്ടു ചോദിച്ച്’ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്.

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ മത്സരിക്കുകയാണെങ്കിൽ ബിജെപി ഇതര കക്ഷികളെല്ലാം അദ്ദേഹത്തെ പിന്തുണയ്ക്കണമെന്ന്’ റാവുത്ത് ട്വിറ്ററിൽ കുറിച്ചു.

മാത്രമല്ല ബിജെപിയുടെ ഗോവയിലെ പ്രധാന മുഖമായിരുന്ന പരീക്കറിനു നൽകുന്ന ‘ശരിയായ ആദരമാകും’ അതെന്നും റാവുത്ത് ട്വിറ്ററിലൂടെ വ്യക്തമാക്കി.

എന്നാൽ ബിജെപി നേതാവായ ഉത്പലിന്, പിതാവിന്റെ സീറ്റിൽ മുൻ മന്ത്രി അതനാസിയോ ബാബുഷ് മൊന്‍സരാറ്റെയെ മത്സരിപ്പിക്കുന്നതിനോടു യോജിപ്പില്ല. പനാജി സീറ്റിനെച്ചൊല്ലി ഉത്പൽ അസ്വസ്ഥനാണെന്നാണു വിവരം. ഉത്പൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണു റിപ്പോർട്ടുകൾ.

‘ഉത്പൽ പരീക്കർ സ്വതന്ത്ര സ്ഥാനാർഥിയായി പനജിയിൽനിന്നു മത്സരിക്കുകയാണെങ്കിൽ‌ എല്ലാ ബിജെപി ഇതരകക്ഷികളും അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നു ഞാൻ ആവശ്യപ്പെടുകയാണ്. ആം ആദ്മി പാർട്ടി, കോണ്‍ഗ്രസ്, തൃണമൂൽ കോണ്‍ഗ്രസ്, ഗോവ ഫോർവേഡ് പാർട്ടി എന്നീ കക്ഷികൾ ഉത്പലിനെതിരെ സ്ഥാനാർഥിയെ നിര്‍ത്തരുത്. ഇതു മനോഹർ ഭായിക്ക് ശരിയായ ആദരമായിരിക്കും’– റാവുത്ത് ട്വിറ്ററിൽ കുറിച്ചു.

അതേസമയം പരീക്കർ മത്സരിച്ച സീറ്റിൽ ക്രിമിനൽ പശ്ചാത്തലമുള്ള ഒരാള്‍ വരുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന് ഉത്പൽ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പനജിയിൽനിന്ന് മനോഹർ‌ പരീക്കർ അഞ്ചു വട്ടം നിയമസഭയിലെത്തിയിട്ടുണ്ട്.

2019ലാണ് അദ്ദേഹം അന്തരിച്ചത്. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച അതനാസിയോ ബാബുഷ് മൊന്‍സരാറ്റെ വിജയിച്ചെങ്കിലും പിന്നീട് ബിജെപിയിലേക്കു മാറി.

Related Articles

Latest Articles