ദില്ലി: പ്ലസ് വണ്‍ പരീക്ഷ സ്‌ക്കൂളുകളില്‍ വച്ചു നടത്താന്‍ അനുമതി നല്‍കി സുപ്രീംകോടതി. പരീക്ഷ ഓഫ്‌ലൈനായി നടത്താമെന്നും, സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും കോടതി പറഞ്ഞു. മുന്‍കരുതലുകള്‍ എടുത്തുകൊണ്ടു തന്നെ പരീക്ഷകള്‍ നടത്താനാണ് കോടതി അനുവദിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് പരീക്ഷ നീട്ടിവയ്‌ക്കണമെന്ന കുട്ടികളുടെ ഹർജിയിലാണ് സർക്കാരിന് അനുകൂലമായി കോടതി വിധി വന്നത്.
സുപ്രീംകോടതിയുടെ അനുമതി ലഭിച്ച സാഹചര്യത്തില്‍ എത്രയും വേഗം പരീക്ഷ നടത്താനുള്ള നടപടികള്‍ തുടങ്ങുമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ടൈംടേബിള്‍ പുതുക്കുന്നതുള്‍പ്പെടെ നടത്തും. പരീക്ഷകള്‍ക്കായി ഹയര്‍ സെക്കന്ററി വകുപ്പ് സജ്ജമാണെന്നും കുട്ടികള്‍ സമ്മര്‍ദ്ദമൊഴിവാക്കി പരീക്ഷയ്ക്ക് ഹാജരാകണമെന്നും മന്ത്രി വ്യക്തമാക്കി. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

