Thursday, April 25, 2024
spot_img

ബംഗാള്‍ പ്രതിസന്ധി ഇന്ന് സുപ്രീംകോടതിയ്ക്ക് മുമ്പാകെ ; സി ബി ഐ നല്‍കിയ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും

ദില്ലി : ബംഗാളിലെ മമതാ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കോടതിയുടെ ഇടപെടല്‍ വേണമെന്നാണ് സി ബി ഐയുടെ ആവശ്യം. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും നശിപ്പിച്ചുവെന്നാണ് സി ബി ഐ ആരോപിക്കുന്നത്. അതിന് പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യണമെന്നും സി ബി ഐ ആവശ്യപ്പെടുന്നു.

പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള തെളിവ് ഹാജരാക്കാന്‍ ഇന്നലെ സി ബി ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. തെളിവ് ഹാജരാക്കിയാല്‍ ശക്തമായ നടപടി പൊലീസ് കമ്മീഷണര്‍ക്കെതിരെ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചുവന്ന ഡയറിയും പെന്‍ഡ്രൈവും കാണാനില്ല എന്നാണ് സിബിഐ പറഞ്ഞത്. അത് എന്ത് തെളിവാണെന്നും അത് എങ്ങനെ നശിപ്പിച്ചുവെന്നും സിബിഐക്ക് കോടതിയെ ഇന്ന് ബോധ്യപ്പെടുത്തേണ്ടിവരും.

കൂടാതെ ബംഗാള്‍ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ക്കും എതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജിയും സിബിഐ നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക. അതേസമയം കേന്ദ്ര സര്‍ക്കാരിനെതിരെ പോര് വിളിച്ച ബംഗാള്‍ മുഖ്യമന്ത്രി മമത ഇപ്പോഴും സത്യാഗ്രഹ സമരം തുടരുകയാണ്.

Related Articles

Latest Articles