16 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരായവർക്കിടയിൽ ഉഭയ സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കണമെന്ന ഹർജിയിൽ കേന്ദ്രത്തോട് സുപ്രീം കോടതി പ്രതികരണം തേടി. ബലാത്സംഗ നിയമത്തിനെതിരെ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി പ്രതികരണം തേടിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇതേതുടർന്ന് കേന്ദ്ര നിയമ, നീതിന്യായ മന്ത്രാലയങ്ങൾക്കും ആഭ്യന്തര മന്ത്രാലയങ്ങൾക്കും ദേശീയ വനിതാ കമ്മീഷൻ ഉൾപ്പെടെയുള്ള മറ്റ് ചില നിയമപരമായ സ്ഥാപനങ്ങൾക്കും ബെഞ്ച് നോട്ടീസ് അയച്ചു.
കൗമാരക്കാർക്ക് ശാരീരികവും ജൈവശാസ്ത്രപരവും മാനസികവും സാമൂഹികവുമായ ആവശ്യങ്ങൾ ഉണ്ടെന്നും ഇത്തരം കാര്യങ്ങളുടെ അപകടസാധ്യതകൾ മനസ്സിലാക്കുന്നതിനും വിവരങ്ങൾ സ്വാംശീകരിക്കാനും വിലയിരുത്താനുമുള്ള കഴിവും, തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിലാനുമുള്ള സ്വാതന്ത്ര്യവും കൗമാരക്കാർക്കുണ്ടെന്നാണ് ഹർജി.

