Wednesday, September 23, 2026

റേഞ്ച് റോവര്‍ വാദം കെ.എം ഷാജിയ്ക്ക് കുരുക്ക് തീര്‍ക്കുമോ, ഘോരഘോരം വാദിച്ച കാര്യങ്ങളൊക്കെ നിഷ്പ്രഭമാക്കി പുതിയ വിവരങ്ങള്‍ പുറത്ത്

തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്ത് വന്നിരിയ്ക്കുന്നത്. മന്ത്രിയുടെ വാദം പൊളിച്ചു കൊണ്ടുള്ള പുതിയ വിവരങ്ങളില്‍, സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത് 2 മന്ത്രിമാര്‍ക്ക് മാത്രം. കുഞ്ഞാലികുട്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മാത്രമാണ് പൊതുഭരണ വകുപ്പിന്റെ അനുമതി കിട്ടിയത്. സര്‍ക്കാര്‍ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ചെന്നിത്തല സ്വന്തം വണ്ടിക്ക് അപേക്ഷ നല്‍കിയത്.

ഇതോടെ പ്രതിരോധത്തിലായിരിയ്ക്കുകയാണ് കെ.എം ഷാജി. സ്വകാര്യ വാഹനം കെ എം ഷാജിക്ക് ഔദ്യോഗിക വാഹനമാക്കാന്‍ അനുമതി നല്‍കി ഇതുവരെ പൊതുഭരണവകുപ്പ് ഉത്തരവിറങ്ങിയിട്ടില്ല. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ നിന്ന് കൂര്‍ഗിലേക്കുള്ള യാത്രയ്ക്ക് മാത്രമാണ് ഷാജിക്ക് സ്വകാര്യ കാര്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ വിഭാഗത്തിന് കൈമാറിയ കത്തില്‍ റേഞ്ച് റോവറിന്റെ നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, റേഞ്ച് റോവര്‍ ഉപയോഗിച്ചതില്‍ വിശദീകരണവുമായി കെ എം ഷാജി നേരത്തെ രംഗത്തെത്തിയിരുന്നു. താന്‍ മന്ത്രി ആകുന്നതിന് മുമ്പും വര്‍ഷങ്ങളായി ഈ വാഹനം ഇടയ്ക്കിടെ ഉപയോഗിച്ചിരുന്നുവെന്നും, വാഹനം ഉപയോഗിച്ചതും പിന്നീട് തിരികെ നല്‍കിയതുമാണ് സംഭവമെന്നും ഷാജി സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. വിവാദം രാഷ്ട്രീയ എതിരാളികളും സൈബര്‍ ഇടപെടലുകളും ഉയര്‍ത്തിയതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാല്‍ പുതിയ വിവരങ്ങള്‍ പുറത്ത് വന്നതോടെ വീണ്ടും കുരുക്കിലായിരിയ്ക്കുകയാണ് കെ.എം ഷാജി.

Related Articles

Latest Articles