Saturday, May 18, 2024
spot_img

അയോധ്യ കേസിലെ വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയാകും, വിധി പറയുന്ന തീയതി പ്രഖ്യാപിച്ചേക്കും

ദില്ലി-അയോധ്യ കേസിലെ വാദം കേള്‍ക്കല്‍ ഇന്ന് പൂര്‍ത്തിയാകും. ഇന്ന് നാല്‍പതാം നാളാണ് വാദം കേള്‍ക്കുന്നത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇതിന് മുമ്പ് ഏറ്റവും അധികം ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. 1972-73 വര്‍ഷങ്ങളിലായി നടന്ന കേസില്‍ 68 ദിവസമായിരുന്നു വാദം.

അയോധ്യ കേസിന്‍റെ വിധി പറയുന്നതിനുള്ള തിയതി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.വൈകീട്ട് അഞ്ച് മണിയോടെ അയോധ്യ കേസിലെ വാദം അവസാനിക്കും. അഞ്ച് ജഡ്ജിമാരടങ്ങുന്ന ഭരണഘടന ബഞ്ചിന്‍റെ തലവനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് സുപ്രീം കോടതി അയോധ്യകേസിൽ തുടർച്ചയായി വാദം കേൾക്കല്‍ ആരംഭിച്ചത്. ഒക്റ്റോബർ18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

നവംബര്‍ 17-നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. ഇത് മുന്നിൽ കണ്ട് കോടതിയുടെ ആ ആഴ്ചയിലെ അവസാന പ്രവര്‍ത്തി ദിവസമായ നവംബര്‍ 15-ന് വിധി പ്രസ്താവം നടത്താനാണ് സാധ്യത. വാദം കേൾക്കലിൽ ചീഫ് ജസ്റ്റിസ് കൂടി ഉള്‍പെട്ടതിനാല്‍ അദ്ദേഹം വിരമിക്കുന്നതിന് മുമ്പ് വിധി പറഞ്ഞില്ലെങ്കില്‍ കേസ് വീണ്ടും പുതിയ ബഞ്ചിലേക്ക് മാറ്റേണ്ടി വരും. അങ്ങനെ വന്നാല്‍ ഇനിയും ഏറെ ദിവസങ്ങള്‍ ഈ കേസിൽ തുടര്‍ വാദം വേണ്ടിവരും.

ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ. ബോബ്‌ഡെ, ഡി വൈ .ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് എ. നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍. ആയിരക്കണക്കിന് രേഖകള്‍ ഉള്ള കേസില്‍ വിധിയെഴുത്ത് ഏറ്റവും ശ്രമകരമായ ദൗത്യമായിരിക്കും.

അതേസമയം ഇന്ന് രാവിലെ തുടങ്ങിയ വാദത്തിനിടെ കോടതിയില്‍ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. അയോധ്യയുമായി ബന്ധപ്പെട്ട് കുനാൽ കിഷോർ രചിച്ച പുസ്തകത്തിലെ വിവരങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. രാമജന്മഭൂമിയുടെ മാപ്പ് രേഖപ്പെടുത്തിയ രേഖ സുന്നി വഖഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ കോടതിയില്‍ വലിച്ചുകീറുകയായിരുന്നു. ഹിന്ദു മഹാസഭ കോടതിയില്‍ നല്‍കിയ രേഖയാണ് അഭിഭാഷകന്‍ വലിച്ചുകീറിയത്. അയോധ്യയില്‍ രാമജന്മഭൂമി നിലനിന്നിരുന്നതിന്‍റെ മാപ്പും രേഖകളും ഹിന്ദുസംഘടനകളുടെ അഭിഭാഷകന്‍ കോടതിക്കു കൈമാറാന്‍ ഒരുങ്ങവേയാണ് ഈ നാടകീയ രംഗങ്ങള്‍ നടന്നത്.

രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മാപ്പായിരുന്നു കീറിയ പേജിലുണ്ടായിരുന്നത്. പേപ്പറുകള്‍ ധവാന്‍ കൈയില്‍ എടുത്തതോടെ വേണമെങ്കില്‍ നിങ്ങള്‍ക്ക് കീറികളയാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് അഭിഭാഷകന്‍ പേപ്പറുകള്‍ കീറി എറിഞ്ഞത്. ഇതോടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ക്ഷുഭിതനായി. ഇത്തരത്തില്‍ വിചാരണ എങ്ങെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇതാണ് അവസ്ഥയെങ്കില്‍ വാദം കേള്‍ക്കുന്ന ബഞ്ചിലെ താനടക്കമുള്ള ജഡ്ജിമാര്‍ പുറത്തിറങ്ങി പോകുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.

ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് സിങ്ങാണ് രേഖകളും കുനാല്‍ കിഷോര്‍ രചിച്ച അയോധ്യ റീവിസിറ്റഡ് എന്ന പുസ്തകവും കോടതിക്ക് കൈമാറാന്‍ ഒരുങ്ങിയത്. ഇതെല്ലാം രാജീവ് ധവാന്‍ കീറിയെറിയുകയായിരുന്നു. എന്നാല്‍ കോടതിയോട് അങ്ങേയറ്റം ബഹുമാനമാണെന്നും ധവാന്‍ ചെയ്തതിനോട് അതേരീതിയില്‍ പ്രതികരിക്കാന്‍ ഇല്ലെന്നും വികാസ് സിങ് കോടതിയെ അറിയിച്ചത്.

അതേസമയം അയോദ്ധ്യ കേസ് സുപ്രീം കോടതിയില്‍ നിന്ന് പിന്‍വലിക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് തീരുമാനിച്ചുവെന്ന് റിപ്പോര്‍ട്ട്.കേസില്‍ നിന്ന് പിന്മാറുന്നുവെന്ന് കാണിച്ച് സുന്നി വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റിസ്വി അഹമ്മദ് ഫാറൂഖി വ്യക്തിപരമായി അപേക്ഷ നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചു മുഖേനയാണ് അപേക്ഷ നല്‍കിയത്. ചെയര്‍മാന്‍റെ നീക്കത്തില്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്നലെ സുപ്രിം കോടതിയില്‍ നടന്ന വാദത്തിനിടെ ശക്തമായ വാദഗതികളാണ് ഹിന്ദു കക്ഷികള്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ പരാശരന്‍ മുന്നോട്ട് വച്ചത്. ഇന്ത്യ കീഴടക്കിയ മുഗള്‍ ചക്രവര്‍ത്തി ബാബര്‍ ചെയ്ത ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് പരാശരന്‍ വാദിച്ചു. ശ്രീരാമന്‍റെ ജന്മസ്ഥലമായ അയോധ്യയില്‍ മുസ്ലിം പള്ളി പണി കഴിപ്പിച്ചതിലൂടെ ബാബര്‍ ചരിത്രപരമായ തെറ്റാണ് ചെയ്തതെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അയോധ്യയില്‍ നിരവധി മോസ്‌കുകള്‍ ഉണ്ടെന്നും പക്ഷേ, ശ്രീരാമന്‍റെ ജന്മസ്ഥലം മാറ്റാന്‍ കഴിയില്ലെന്നും പരാശശന്‍ പറഞ്ഞു.

ഇന്ത്യ കീഴടക്കിയ ബാബര്‍ ചക്രവര്‍ത്തി ചരിത്രപരമായ തെറ്റ് ചെയ്‌തെന്നും നിയമത്തിന് അതീതനായി ശ്രീരാമന്‍റെ ജന്മസ്ഥലത്ത് പള്ളി പണിതെന്നും പരാശരന്‍ വാദിച്ചു.സുന്നി വഖഫ് ബോര്‍ഡും മറ്റുള്ളവരും സമര്‍പ്പിച്ച നിയമ വ്യവഹാരത്തിലെ പ്രതിയായ മഹന്ത് സുരേഷ് ദാസിനു വേണ്ടിയാണ് പരാശരന്‍ ഹാജരായത്. ഒരു മോസ്‌ക് എല്ലാ കാലവും മോസ്‌ക് തന്നെയാണെന്നും അതിനെ അംഗീകരിക്കുന്നുണ്ടോയെന്നും ബെഞ്ച് പരാശരനോട് ചോദിച്ചു. എന്നാല്‍, ‘ഇല്ല, ഞാന്‍ പിന്തുണയ്ക്കുന്നില്ല. ഒരിക്കല്‍ ക്ഷേത്രമായിരുന്ന സ്ഥലം എല്ലാക്കാലവും ക്ഷേത്രം തന്നെയാണ്’ എന്നായിരുന്നു പരാശരന്‍റെ മറുപടി.

അതേസമയം രാമക്ഷേത്രവും ബാബരി മസ്ജിദുമായി ബന്ധപ്പെട്ട വിവാദ തർക്ക ഭൂമിയുള്ള അയോധ്യയിലും സമീപ പ്രദേശങ്ങളിലും ഡിസംബർ പത്ത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കകം വാദം പൂർത്തിയാകുകയും നവംബർ 17നകം വിധി വരാനിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ജില്ലാ മജിസ്ട്രേറ്റ് മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

രാജ്യം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണ് അയോധ്യ ഭൂമിതര്‍ക്ക വിഷയം. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വിവിധ കക്ഷികൾ സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കുന്നത്. 2.77 ഏക്കർ തർക്ക ഭൂമി രാംലല്ല, നിർമോഹി അഖാര, സുന്നി വഖഫ് ബോർഡ് എന്നിവർക്ക് തുല്യമായി വീതിച്ചു നൽകണമെന്നായിരുന്നു ഹൈക്കോടതി വിധി. 2017ൽ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തലവനായ മൂന്നംഗ ബെഞ്ചാണ് വാദം കേൾക്കൽ ആരംഭിച്ചത്. ദീപക് മിശ്ര വിരമിച്ചശേഷം 2018 ഒക്റ്റോബർ 29 മുതൽ പുതിയ ബഞ്ചിന്‍റെ പരിഗണനയിലാണ് കേസ് പരിഗണിക്കുന്നത്.

Related Articles

Latest Articles