Sunday, October 4, 2026

“പാകിസ്ഥാന്‍ ഫുഡ് ഫെസ്റ്റ്” നടത്തി ഇന്ത്യയിലെ ഹോട്ടലുടമ; ബാനർ അഴിച്ചെടുത്ത് തീയിട്ട് നശിപ്പിച്ച് നാട്ടുകാർ

സൂറത്ത്: പാകിസ്ഥാന്റെ പേരിൽ ഭക്ഷ്യമേള (Pakistan Food Fest) നടത്തിയ ഹോട്ടലിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. ഗുജറാത്തിലാണ് സംഭവം. സൂറത്തിലെ “ടേസ്റ്റ് ഓഫ് ഇന്ത്യ” എന്ന ഹോട്ടലാണ് പാകിസ്ഥാന്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.

ഹോട്ടലിന് മുന്നില്‍ വലിച്ചു കെട്ടിയ പാകിസ്ഥാന്റെ പേര് എഴുതിയ ബാനറാണ് രോഷാകുലരായ നാട്ടുകാര്‍ തകര്‍ത്തത്. പാകിസ്ഥാന്റെ പേരെഴുതിയ ബാനര്‍ ഇവിടെ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ഇവര്‍ പറഞ്ഞു. ബാനര്‍ അഴിച്ചെടുത്ത സംഘം അത് തീയിട്ട് നശിപ്പിക്കുകയായിരുന്നു. 10 ദിവസത്തെ ഭക്ഷ്യമേളയാണ് ഇവര്‍ ഒരുക്കിയത്. എന്നും ഇന്ത്യാവിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്ന പാകിസ്ഥാന്റെ പേരില്‍ ഭക്ഷ്യമേള നടത്തേണ്ടതില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ബാനര്‍ നശിപ്പിച്ചത്.

ഭീകരവാദികളെ അതിര്‍ത്തികളിലൂടെ കടത്തിവിട്ടും, ഇന്ത്യയില്‍ ആക്രമണങ്ങള്‍ നടത്തിയും ഇവിടുത്തെ ഇന്ത്യയിലെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് പാകിസ്ഥാൻ. ഭക്ഷ്യമേളയ്‌ക്ക് തങ്ങള്‍ എതിരല്ല, എന്നാൽ പാകിസ്ഥാന്റെ ബാനര്‍ ഉയര്‍ത്തിയതിനോടാണ് തങ്ങൾ എതിര്‍പ്പ് പ്രകടിപ്പിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

പാകിസ്ഥാന്റെ പേരില്‍ ഇവിടെ ഒരു ആഘോഷപരിപാടി നടക്കേണ്ടതില്ല. ഹോട്ടലുകാര്‍ക്ക് അവര്‍ കാണിച്ച തെറ്റ് എന്താണെന്ന് വ്യക്തമായിട്ടുണ്ട്. ഇനി ഇത്തരമൊരു കാര്യം അവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതായും പ്രതിഷേധക്കാരായ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. അതേസമയം പാകിസ്ഥാ ന്റെ പേര് ഇനി ഭക്ഷ്യമേളയിൽ ഉപയോഗിക്കില്ലെന്ന് ഹോട്ടലിന്റെ ഉടമസ്ഥനായ സന്ദീപ് ദവാർ പറഞ്ഞു. ഭക്ഷ്യമേളയും അതിലെ വിഭവങ്ങളുമെല്ലാം അതേപടി ഉണ്ടാകും. എന്നാൽ പാകിസ്ഥാന്റെ പേര് എവിടേയും ഉപയോഗിക്കില്ല. പലർക്കും ഇത് വിഷമമുണ്ടാക്കി എന്ന് അറിഞ്ഞത് കൊണ്ടാണ് ഈ തീരുമാനം. മുഗളായ് വിഭവങ്ങളാണ് തങ്ങൾ വിളമ്പുന്നതെന്നും, പാകിസ്ഥാൻ വിഭവങ്ങൾ എന്ന് പേരിൽ മാത്രമാണ് ചേർത്തതെന്നും സന്ദീപ് ദവാർ പറഞ്ഞു.

Related Articles

Latest Articles