Tuesday, May 7, 2024
spot_img

ബിജെപി ടിക്കറ്റിൽ ജനവിധി തേടാൻ സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരിയും ; മത്സരിക്കുക ദില്ലി മണ്ഡലത്തിൽ നിന്നും

ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ബിജെപി പുറത്തുവിട്ടപ്പോൾ ശ്രദ്ധേയമായി ദില്ലി മണ്ഡലം. അന്തരിച്ച ബിജെപി നേതാവ് സുഷമാ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജാണ് ബിജെപി ടിക്കറ്റിൽ ഇവിടെ നിന്ന് ജനവിധി തേടുന്നത്.

അഭിഭാഷകയായ ബാന്‍സുരി സ്വരാജ്, കഴിഞ്ഞ കൊല്ലമാണ് ബിജെപി ദില്ലി ലീഗല്‍ സെല്ലിന്റെ കോ-കണ്‍വീനറായി ചുമതലയേൽക്കുന്നത്.

“എനിക്കറിയാം, എനിക്ക് അമ്മയുടെ ആശീര്‍വാദങ്ങള്‍ ഉണ്ടെന്ന്. എന്നാല്‍ ഈ നേട്ടം ബാംസുരി സ്വരാജിന്റെത് മാത്രമല്ല, ഡല്‍ഹി ബി.ജെ.പിയിലെ ഓരോ പ്രവര്‍ത്തകരുടേതുമാണ്”- ബാംസുരി സ്വരാജ് ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

യുവത്വത്തിനും അനുഭവസമ്പത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ട് 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 195 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് ഇന്ന് ബിജെപി പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിൽ 28 വനിതാ സ്ഥാനാർഥികളുമുണ്ട്. 47 പേർ 50 വയസ്സിൽ താഴെ പ്രായമുള്ളവരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചു.

മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലെ വാരാണസിയിൽനിന്ന് ജനവിധി തേടും. ആഭ്യന്തര മന്ത്രി അമിത് ഷാ ഗാന്ധിനഗറിൽനിന്നും, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ലക്നൗവിൽ നിന്നും ജനവിധി തേടും. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഒരു മണ്ഡലത്തിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഉത്തർപ്രദേശ് – 51, ബംഗാൾ – 20, മധ്യപ്രദേശ് – 24, ഗുജറാത്ത് – 15, രാജസ്ഥാൻ – 15, കേരളം – 12, തെലങ്കാന – 9, അസം – 11, ജാർഖണ്ഡ് – 11, ഛത്തീസ്ഗഡ് – 11, ഡൽഹി – 5, ജമ്മു കശ്മീർ – 2, ഉത്തരാഖണ്ഡ് – 3, അരുണാചൽ പ്രദേശ് – 2, ഗോവ –1, ത്രിപുര –1, ആൻഡമാൻ നിക്കോബർ – 1, ദാമൻ ദിയു – 1 എന്നിങ്ങനെയാണ് ആദ്യ ഘട്ട പട്ടികയിൽ പ്രഖ്യാപിച്ച മണ്ഡലങ്ങളുടെ എണ്ണം.

Related Articles

Latest Articles