തിരുവനന്തപുരം: ബാർബർ ഷോപ്പിന്റെ മറവിൽ ഉപഭോക്താക്കളുടെ ഫോൺ നമ്പർ തട്ടിയെടുക്കുകയും അതുപയോഗിച്ച് വാട്സ്ആപ് അക്കൗണ്ടുകൾ ഉണ്ടാക്കി പാക് അനുകൂല സന്ദേശങ്ങൾ കൈമാറിയ രണ്ടുപേരെ ഇന്നലെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ 100 മീറ്റർ അകലെ മാത്രമാണ് ഈ വിവാദ ബാർബർ ഷോപ്പ് എന്നത് ദുരൂഹത വർധിപ്പിക്കുന്നു. ഫോൺ നമ്പർ വാങ്ങി ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട ഒരാളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. ഇവർ വാട്സാപ്പിലൂടെ പ്രചരിപ്പിച്ചിരുന്നത് പാക് അനുകൂല സന്ദേശങ്ങളാണെന്ന വാർത്ത ആദ്യം പുറത്തുകൊണ്ടുവന്നത് തത്വമയി ന്യൂസ് ആയിരുന്നു. അതിനെ തുടർന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ ഇടപെടൽ ഈ കേസ്സിലുണ്ടായി. ക്ഷേത്രത്തിന് ഭീഷണിയാകുന്ന തരത്തിലുള്ള ഭീകര പ്രവർത്തനങ്ങൾ ഈ ബാർബർ ഷോപ്പിന്റെ മറവിൽ നടക്കുന്നുണ്ടോ എന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.
അതേസമയം ഇന്ന് രാവിലെ ഈ വിവാദ ബാർബർ ഷോപ്പ് തുറന്ന് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. അതിനെ തുടർന്ന് തത്വമയി ന്യൂസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിൽ ഷോപ്പിനുള്ളിൽ സംശയാസ്പദമായ സാഹചര്യത്തിൽ ചില യുവാക്കൾ ഉള്ളതയി കണ്ടെത്തിയിരുന്നു. തുടർന്ന് തത്വമയി ന്യൂസ് സംപ്രേക്ഷണം ചെയ്ത വീഡീയോ റിപ്പോർട്ടിനെ തുടർന്ന് പോലീസെത്തി യുവാക്കളെ കസ്റ്റഡിയിലെടുക്കുകയും കട അടപ്പിക്കുകയും ചെയ്തു. ഉത്തർപ്രദേശ് രാംപൂർ സ്വദേശി ഷാരൂഖ് അലിയാണ് ഈ ബാർബർ ഷോപ്പ് ഉടമ. ഇയാളോടൊപ്പം അറസ്റ്റിലായ മുഹമ്മദ് ഹസ്സൻ കഴിഞ്ഞ ജൂണിൽ മാത്രമാണ് കേരളത്തിൽ എത്തിയത്. പാകിസ്ഥാനിലേക്ക് ഇയാൾ ചില പണമിടപാടുകൾ നടത്തിയതിന്റെ സൂചനകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഭീകര പ്രവർത്തന സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് പ്രതികളുടെ മേൽ ആരോപിക്കപ്പെടുന്നത് മാത്രമല്ല അതീവ സുരക്ഷാ മേഖലയായ പത്മനാഭ സ്വാമി ക്ഷേത്രം വളപ്പിലാണ് സംഭവം നടന്നതും. എന്നിട്ടും കേരള പോലീസ് കേസ് ഗൗരവമായെടുത്തിട്ടില്ലെന്നും കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കേസ്സെടുക്കുകയും പ്രതികളിലൊരാളായ ഷാരൂഖ് അലിയെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. അതിനിടെ തുറന്ന് പ്രവർത്തിച്ച ബാർബർ ഷോപ്പ് പോലീസ് അടപ്പിച്ചത് പോലും തത്വമയി ന്യൂസ് റിപ്പോർട്ടിനെ തുടർന്നാണ്.

