Friday, April 26, 2024
spot_img

തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥി സംഘടനകളുടെ സംഘർഷം;കെഎസ്‍യുവിന്‍റെ കൊടി കത്തിച്ച എസ്എഫ്ഐക്കാരുടെ സസ്പെൻഷൻ പിൻവലിക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥി സംഘടനകളുടെ സംഘർഷത്തെത്തുടർന്ന് കെഎസ്‍യുവിന്‍റെ കൊടി കൂട്ടിയിട്ട് കത്തിച്ച 24 എസ്എഫ്ഐ പ്രവര്‍ത്തകരുടെ സസ്പെൻഷൻ പിൻവലിക്കില്ല.സംഘര്‍ഷം അവസാനിപ്പിക്കാൻ തിങ്കളാഴ്ച ഇരു വിദ്യാര്‍ത്ഥി സംഘടനകളുടേയും യോഗം പ്രിൻസിപ്പാൾ വിളിച്ചിരുന്നു.തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാത്രിയാണ് കെഎസ്‍യുവിന്‍റെ കൊടികൾ പിഴുത് എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൂട്ടിയിട്ട് കത്തിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം അദ്ധ്യാപക കൗൺസിൽ 24 എസ്എഫ്ഐ പ്രവര്‍ത്തകരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

സസ്പെൻഷനിലായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി പ്രിൻസിപ്പാളും അദ്ധ്യാപകരും പ്രത്യേകം ചര്‍ച്ച നടത്തും. സസ്പെൻഷനിലായ വിദ്യാര്‍ത്ഥികൾക്ക് പൊതുപരീക്ഷ എഴുതാം. അതിക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അസിസ്റ്റന്‍റ് പ്രൊഫസര്‍ വി.കെ.സഞ്ജു പ്രിൻസിപ്പാളിന് രേഖാമൂലം പരാതി നൽകി. 21 അദ്ധ്യാപകരെ 10 മണിക്കൂറിലേറെ ബന്ദിയാക്കി പ്രതിഷേധിക്കുന്നതിനിടെ അദ്ധ്യാപികയെ അതിക്രമിച്ച കേസിൽ എസ്എഫ്ഐ പ്രവര്‍ത്തകരുടെ പേരുവിവരങ്ങൾ ശേഖരിച്ച് നടപടിയെടുക്കാനാണ് പോലീസ് തീരുമാനം. സുഗമമായ ക്ലാസ് നടത്തിപ്പിന് ഹൈക്കോടതിയുടെ ഇടപെടൽ തേടാൻ അദ്ധ്യാപക കൂട്ടായ്മയ്ക്ക് ആലോചനയുണ്ട്.

Related Articles

Latest Articles