Monday, April 29, 2024
spot_img

ശ്രീകൃഷ്ണ സന്ദേശങ്ങള്‍ കര്‍മപഥത്തിലൂടെ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്ക് ബാലഗോകുലം നൽകുന്ന ആദരവായ ജന്മാഷ്ടമി പുരസ്കാരം സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിക്ക്; പുരസ്‌കാര സമർപ്പണ ചടങ്ങ് ഇന്ന് വൈകിട്ട് 4 മണിക്ക് അമൃതാനന്ദമയിയുടെ സാന്നിദ്ധ്യത്തിൽ വള്ളിക്കാവ് അമൃതപുരിയിൽ; തത്സമയം തത്വമയി നെറ്റ്‌വർക്കിൽ

കൊല്ലം: ബാലഗോകുലത്തിന്റെ ഉപപ്രസ്ഥാനമായ ബാലസംസ്‌കാര കേന്ദ്രം നൽകിവരുന്ന ജന്മാഷ്ടമി പുരസ്കാരം സംബോധ് ഫൗണ്ടേഷന്‍ ആചാര്യന്‍ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിക്ക് ഇന്ന് സമര്‍പ്പിക്കും. വള്ളിക്കാവ് അമൃതപുരിയിലാണ് പുരസ്‌കാര സമർപ്പണ സമ്മേളനം നടക്കുന്നത്. ശ്രീകൃഷ്ണ സന്ദേശങ്ങള്‍ കര്‍മപഥത്തിലൂടെ പ്രചരിപ്പിക്കുന്ന വ്യക്തികള്‍ക്ക് നൽകുന്ന ആദരമാണ് 50,001 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്ന ജന്മാഷ്ടമി പുരസ്‌കാരം. പുരസ്‌കാരം സമര്‍പ്പണ സമ്മേളനത്തിൽ മാതാ അമൃതാനന്ദമയി ദേവിയുടെ സാന്നിധ്യമുണ്ടായിരിക്കും. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള പുരസ്‌കാര സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ തത്സമയ കാഴ്ചകൾ തത്വമയി നെറ്റ്‌വർക്കിലൂടെ വീക്ഷിക്കാം.

ബാലസംസ്‌കാര കേന്ദ്രം രക്ഷാധികാരി കെ. കിട്ടു നായര്‍, ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍, വൈസ് ചെയര്‍മാന്‍ ഡി നാരായണ ശര്‍മ്മ, സെക്രട്ടറി എം.പി. സുബ്രഹ്മണ്യശര്‍മ്മ, ബാലഗോകുലം ഉപാദ്ധ്യക്ഷന്‍ കെ.പി. ബാബുരാജ്, പൊതുകാര്യദര്‍ശി കെ.എന്‍. സജികുമാര്‍, മേഖല അദ്ധ്യക്ഷന്‍ ഗിരീഷ് ബാബു എന്‍.എസ്. തുടങ്ങിയവര്‍ സംസാരിക്കും. സമ്മേളനത്തിൽ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി രചിച്ച ‘വിചാരവീഥി’യുടെ പ്രകാശനം ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്‍ പ്രസന്നകുമാറിനു നല്‍കി ഗോവാ ഗവര്‍ണര്‍ നിര്‍വഹിക്കും.

ഭാരതത്തിന്റെ ആദ്ധ്യാത്മിക ആചാര്യന്മാരിൽ പ്രമുഖനായ സ്വാമി ചിന്മയാനന്ദന്റെ ശിഷ്യപരമ്പരയില്‍ പെട്ട സ്വാമി അദ്ധ്യാത്മാനന്ദ നേതൃത്വം നല്‍കുന്ന സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നൂതന പരിപാടികള്‍ സമാനതകളില്ലാത്തതാണ്. ഗീതാജ്ഞാന യജ്ഞങ്ങളിലൂടെയും ഭാഗവത സപ്താഹങ്ങളിലൂടെയും ഉപനിഷത്ത് പ്രഭാഷണങ്ങളിലൂടെയും ആത്മീയവും ലൗകികവും സമന്വയിപ്പിച്ച് സ്വാമിജി അന്വേഷകരെ ശാക്തീകരിക്കുന്നുവെന്നും. വാല്‍മീകി രാമായണത്തെക്കുറിച്ചുള്ളതടക്കം സ്വാമിയുടെ പ്രഭാഷണങ്ങൾ ലോകമെമ്പാടുമുള്ള ശ്രോതാക്കളുടെ പ്രശംസ പിടിച്ചുപറ്റിയെന്നും പുരസ്‌കാര നിർണയ വിലയിരുത്തി. സ്വാമി ചിദാനന്ദപുരിയാണ് പുരസ്‌കാര നിർണ്ണയ സമിതി അദ്ധ്യക്ഷൻ.

കുട്ടികളുടെ സർഗ്ഗവാസനയെ തൊട്ടുണർത്തി കൃഷ്ണാവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ബാലഗോകുലത്തിന്റെ സാംസ്കാരിക മുഖമാണ് ബാല സംസ്കാര കേന്ദ്രം. 1977 മുതലാണ് സാംസ്കാരിക കേരളം ഏറെ ചർച്ചചെയ്യുന്ന ജന്മാഷ്ടമി പുരസ്‌കാരം നൽകിത്തുടങ്ങിയത്. മലയാളത്തിന്റെ പ്രിയ കവയത്രി സുഗതകുമാരിക്കായിരുന്നു ആദ്യ പുരസ്‌കാരം. ഗായകൻ ജി വേണുഗോപാലാണ് 2022 ൽ ജന്മാഷ്ടമി പുരസ്‌കാരത്തിന് അർഹനായത്.

Related Articles

Latest Articles