Monday, November 23, 2026

യുപിയിൽ ബിജെപി വിട്ട് എസ്പിയിലേക്ക് ചേക്കേറിയ സ്വാമി പ്രസാദ് മൗര്യയ്ക്ക് കനത്ത തിരിച്ചടി

ലക്‌നൗ: യുപിയിൽ ബിജെപി വിട്ട് എസ്പിയിലേക്ക് ചേക്കേറിയ സ്വാമി പ്രസാദ് മൗര്യയ്ക്ക് കനത്ത തിരിച്ചടി(Swami Prasad Maurya). നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിലെ ഫസില്‍നഗര്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം മത്സരത്തിനിറങ്ങിയത്. എന്നാൽ ഇവിടെ ബിജെപിയുടെ സുരേന്ദ്ര കുമാര്‍ കുശ്വാഹയാണ് ലീഡ് ചെയ്യുന്നത്. 10,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ലീഡ് ചെയ്യുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗംഗാ സിങ് കുശ്വാഹയുടെ മകനാണ് സുരേന്ദ്രകുമാര്‍. 2012ലും 2017ലും ഗംഗാ സിങ് കുശ്വാഹയാണ് ഫസില്‍പൂരില്‍ നിന്ന് വിജയിച്ചത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു ഒബിസി നേതാവായ സ്വാമി പ്രസാദ് മൗര്യ ബിജെപി വിട്ട് എസ്പിയുടെ ഭാഗമായത്. ഇതിനുപിന്നാലെ 13ഓളം എംഎല്‍എമാര്‍ ബിജെപി വിട്ടെങ്കിലും അതൊന്നും പാര്‍ട്ടിയെ ബാധിച്ചില്ല. നിലവില്‍ യുപിയില്‍ ബിജെപി വലിയ മുന്നേറ്റമാണ് നടത്തുന്നത്.

അതേസമയം യുപിയിൽ ബിജെപിയുടെ ലീഡ് നില 300 സീറ്റിലേക്ക് അടക്കുകയാണ്. 37 വർഷത്തിന് ശേഷം ഭരണത്തുടർച്ച എന്ന ചരിത്ര നേട്ടമാണ് യോഗി ആദിത്യനാഥിനെ കാത്തിരിക്കുന്നത്. ഉത്തരാഖണ്ഡിൽ 44 സീറ്റുകളിലാണ് ബിജെപിയുടെ മുന്നേറ്റം. ബിജെപി ഇവിടെ കേവല ഭൂരിപക്ഷത്തിൽ എത്തിയിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെ ചരിത്രത്തിൽ ഭരണത്തുടർച്ച ഒരു മുന്നണികൾക്കും ഉണ്ടായിട്ടില്ല. മണിപ്പൂരിൽ 23 സീറ്റിലും ഗോവയിൽ 19 സീറ്റിലും ബിജെപി ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ കോൺഗ്രസിന് പഞ്ചാബിൽ കനത്ത തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

Related Articles

Latest Articles