Saturday, May 11, 2024
spot_img

ഭാരതസംസ്‌കൃതിയുടെ അദ്വിതീയഭാവം;വന്ദേ വിവേകാനന്ദം

ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും സനാതന ധർമ്മത്തിന്റെ മൂല്യങ്ങളും ലോകത്തിനു കാട്ടിക്കൊടുത്ത ആത്മീയാചാര്യൻ സ്വാമി വിവേകാനന്ദന്റെ സ്‌മൃതിദിനമാണ് ഇന്ന്.

1863 ജനുവരി 12 ന് കൊൽക്കത്തയിൽ ജനിച്ച സ്വാമി വിവേകാനന്ദൻ സന്യാസത്തിനു മുമ്പുള്ള ജീവിതത്തിൽ നരേന്ദ്രനാഥ് ദത്ത എന്നറിയപ്പെട്ടു. പാശ്ചാത്യ തത്ത്വചിന്തയിലും ചരിത്രത്തിലും പ്രത്യേക താത്പര്യമുള്ള വിവേകാനന്ദനെ ദൈവത്തിന്റെ അസ്തിത്വത്തെക്കുറിച്ചുള്ള സംശയങ്ങൾ പലപ്പോഴും ചിന്താകുലനാക്കിയിരുന്നു.ഈ സമയത്താണ് അദ്ദേഹം ശ്രീരാമകൃഷ്ണപരമഹംസനെ കാണാൻ ഇടയായത്. പിന്നീട് അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചു.
വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും നമുക്ക് അപഗ്രഥിക്കാം. ഒന്നാമത്തേത്, ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ എന്ന നിലയിലും രണ്ടാമത്തേത് മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ എന്ന നിലയിലുമാണിത്. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് സ്വാമി വിവേകാനന്ദൻ ലോകത്തിനു കാണിച്ചുകൊടുത്തു.

Related Articles

Latest Articles