Sunday, May 5, 2024
spot_img

‘സ്വർഗീയ രഞ്ജിത്ത് ശ്രീനിവാസന് നീതി ലഭിച്ചു’; സ്വാഗതാർഹമായ വിധി,അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് കെ സുരേന്ദ്രൻ

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചത് സ്വാഗതാർഹമായ വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ .

“സ്വാഗതാർഹമായ വിധി. സ്വർഗ്ഗീയ രഞ്ജിത്ത് ശ്രീനിവാസന് നീതി ലഭിച്ചു. കുടുംബത്തിനും സഹപ്രവർത്തകർക്കും ആശ്വാസം. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥർക്കും അഭിഭാഷകസംഘാംഗങ്ങൾക്കും അഭിനന്ദനങ്ങൾ” കെ. സുരേന്ദ്രൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥയിലെ അപൂർവ്വ വിധിയാണ് ഇന്നുണ്ടായത്. സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ഇത്രയധികം പ്രതികൾക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികളെല്ലാം പിഎഫ്ഐ-എസ്ഡിപിഐ പ്രവർത്തകരാണ്. തങ്ങൾക്ക് സംഭവിച്ചത് നികത്താനാവാത്ത നഷ്ടമാണെന്നും എന്നിരുന്നാലും കോടതി വിധിയിൽ ആശ്വാസമെന്ന് കുടുംബം അറിയിച്ചു.‌

2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. തലേന്ന് എസ് ഡി പി ഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്.

Related Articles

Latest Articles