Monday, May 20, 2024
spot_img

കുർബാനപരിഷ്കരണ വിവാദം പുകയുന്നു: ആലുവയിൽ പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം

കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ കർദിനാൾ മാർ ജോർജ് ആല‌ഞ്ചേരിയുടെ ഇടയലേഖനം ഇന്ന് പളളികളിൽ വായിച്ചു. സിനഡ് വിഷയം ചര്‍ച്ച ചെയ്തെന്ന് ഇടയലേഖനം പറയുന്നു. ആരാധനക്രമത്തിലെ മാറ്റത്തില്‍ അന്തിമ തീരുമാനം മാര്‍പാപ്പയാണ് എടുക്കേണ്ടതെന്ന് ഇടയലേഖനം പറയുന്നു. ഇതില്‍ മാറ്റം വരുത്താന്‍ സിനഡിന് അധികാരമില്ല. വിയോജന സ്വരങ്ങള്‍ വരാതെ വൈദികര്‍ ശ്രദ്ധിക്കണമെന്നും ഇടയലേഖനം പറയുന്നു.

എന്നാൽ വിയോജിപ്പുമായി രംഗത്തെത്തിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരുടെ പളളികളിൽ സർക്കുലർ വായിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിൽ ഇടയലേഖനം വായിക്കുന്നതിനെതിരെ വിശ്വാസികള്‍ പ്രതിഷേധിച്ചു. ഇടയലേഖന വായന വിശ്വാസികൾ തടസ്സപ്പെടുത്തി. വൈദികനെ ഇടയലേഖനം വായിക്കാൻ അനുവദിച്ചില്ല. പള്ളിക്കുള്ളിൽ പ്രതിഷേധം നടന്നു. നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്നാണ് ഇവരുടെ ആവശ്യം.

ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികരും സർക്കുലർ വായിക്കില്ലെന്നാണ് സൂചന. കുർബാന ക്രമം പരിഷ്കരിക്കാനുളള സിനഡ് തീരുമാനത്തിനെതിരെ ഔദ്യോഗികമായി സിനഡിന് പരാതി നൽകിയ സാഹചര്യത്തിൽ ഇടയലേഖനം വായിക്കേണ്ടതില്ലെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്‍റെ നിലപാട്.

എന്നാൽ സിനഡ് തീരുമാനം അംഗീകരിക്കുന്ന അതിരൂപതയിലെ കർദിനാൾ അനുകൂല വൈദികർ സർക്കുലർ പള്ളികളിൽ വായിച്ചു. സഭയുടെ കീഴിലുളള മറ്റ് അതിരൂപതകളിലും ഇടയലേഖനം വായിക്കും. സിനഡ് പുതുക്കിയ കുർബാന രീതിയിൽ ആദ്യഭാഗം വിശ്വാസികൾക്ക് നേരെയും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും ആണ് നടത്തുക. നവംബർ 28മുതൽ പുതുക്കിയ രീതി തുടങ്ങാനാണ് സിനഡ് നിർദ്ദേശം. എന്നാൽ മുഴുവൻ സമയവും ജനാഭിമുഖ കുർബ്ബാന തന്നെ തുടരണമെന്നാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വൈദികരുടെ നിലപാട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles