Sunday, June 16, 2024
spot_img

മണൽ ഖനന മാഫിയ തലപ്പത്തും ‘ബിഷപ്പുമാർ’ ? ദുരൂഹതകളേറുന്നു…

അനധികൃത മണല്‍ഖനന കേസില്‍ ബിഷപ്പും അഞ്ച് വൈദികരും അറസ്റ്റില്‍. സിറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, വികാരി ജനറല്‍ ഫാ. ഷാജി തോമസ്, ഫാ. ജോസ് ചാമക്കാല, ഫാ. ജോര്‍ജ് സാമുവേല്‍, ഫാ. ജിജോ ജെയിംസ്, ഫാ. ജോസ് കാലായില്‍ എന്നിവരെയാണ് തമിഴ്‌നാട് സി.ബി-സി.ഐ.ഡി. സംഘം അറസ്റ്റ് ചെയ്തത്. തിരുനെല്‍വേലിയിലെ അംബാസമുദ്രത്തെ താമരഭരണി പുഴയോരത്ത് അനധികൃത മണല്‍ഖനനം നടത്തിയെന്ന കേസിലാണ് നടപടി.

അതിനിടെ, അറസ്റ്റിന് പിന്നാലെ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസിനും ഫാ. ജോസ് ചാമക്കാലയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇരുവരെയും നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ മറ്റുനാലുപേരെയും കോടതിയില്‍ ഹാജരാക്കി സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.

തിരുനെല്‍വേലിയിലെ അംബാസമുദ്രം മേഖലയില്‍ സിറോ മലങ്കര സഭയ്ക്ക് 300 ഏക്കറോളം ഭൂമിയുണ്ട്. താമരഭരണി പുഴയുടെ സമീപത്താണ് ഈ ഭൂമിയുള്ളത്. ഇവിടെ അനധികൃത മണല്‍ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സി.ബി-സി.ഐ.ഡി. സംഘം ബിഷപ്പിനെയും വൈദികരെയും അറസ്റ്റ് ചെയ്തത്. അതേസമയം, സ്ഥലം പാട്ടത്തിന് നല്‍കിയതാണെന്നും മണല്‍ഖനനം നടത്തിയത് കരാറുകാരനാണെന്നുമാണ് സഭയുടെ വിശദീകരണം. കേസില്‍ കരാറുകാരനായ മാനുവല്‍ ജോര്‍ജിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

താമരഭരണി പുഴയിലെ അനധികൃത മണല്‍ഖനനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകരാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് സബ് കളക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഏകദേശം 27700 ഖനയടി മണല്‍ ഖനനം ചെയ്തതായും ഒമ്പത് കോടി രൂപ പിഴ ഈടാക്കണമെന്നുമാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം സി.ബി-സി.ഐ.ഡി. വിഭാഗം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു.

സംഭവത്തില്‍ സിറോ മലങ്കര സഭ വിശദീകരണ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലത്ത് കൃഷി ചെയ്യാന്‍ മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് കാലമായതിനാല്‍ രണ്ടുവര്‍ഷമായി രൂപത അധികൃതര്‍ക്ക് ഇവിടേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇക്കാലയളവില്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയതോടെ അദ്ദേഹത്തെ കരാറില്‍നിന്ന് ഒഴിവാക്കാന്‍ നിയമനടപടികള്‍ ആരംഭിച്ചിരുന്നു.

വസ്തുവിന്റെ ഉടമസ്ഥനെന്ന നിലയില്‍ രൂപത അധികാരികളെ ഇതുസംബന്ധിച്ച കേസിന്റെ അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മാനുവല്‍ ജോര്‍ജിനെതിരേ നിയമനടപടികള്‍ തുടങ്ങിയതായും സഭയുടെ കുറിപ്പില്‍ പറയുന്നു. ബിഷപ്പ് അടക്കമുള്ളവരെ ജാമ്യത്തിലിറക്കാനുള്ള നടപടികളും രൂപത അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles