Saturday, April 27, 2024
spot_img

അഫ്ഗാൻ-പാക് അതിർത്തിയിലെ പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചതായി താലിബാൻ; നിലവിൽ മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് സബിഹുള്ള മുജാഹിദ്

കാബൂൾ: അഫ്ഗാൻ-പാക് അതിർത്തിയിലെ പോരാട്ടം താത്കാലികമായി അവസാനിപ്പിച്ചതായി താലിബാൻ. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും പോരാട്ടം അവസാനിപ്പിക്കുകയാണെന്നും താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു.

അതിർത്തി കടന്ന് അഫ്ഗാനിൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ദിവസം മുൻപാണ് അഫ്ഗാനിലെ ഖോസ്ത്, പക്തിക പ്രവിശ്യകളിൽ പാകിസ്ഥാൻ ആക്രമണം നടത്തിയത്. തങ്ങളുടെ നാട്ടിൽ നടന്ന ഭീകരാക്രമണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നാണ് പാകിസ്ഥാന്റെ വാദം. ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഭീകരസംഘടനകൾ അഫ്ഗാന്റെ മണ്ണിൽ നിലയുറപ്പിച്ചിട്ടുണ്ടെന്നും പാകിസ്ഥാൻ വ്യക്തമാക്കിയിരുന്നു.

എന്നാൽ പാകിസ്ഥാന്റെ നീക്കം രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് താലിബാൻ തിരിച്ചടിച്ചത്. അതിർത്തിയിൽ പാക് സൈനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് അതിർത്തി സേന ആക്രമണം നടത്തിയതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. ഇരുപക്ഷവും അതിർത്തി കടന്നുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്തിരുന്നു.

നാല് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പത് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി പാകിസ്ഥാൻ അറിയിച്ചു. മൂന്ന് സുരക്ഷാ പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും, മേഖലയിലെ ചില വീടുകൾ തകരുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആക്രമണം രൂക്ഷമായതിന് പിന്നാലെ നടന്ന മധ്യസ്ഥ ചർച്ചകളിലാണ് പോരാട്ടം താത്കാലികമായി നിർത്തിവയ്‌ക്കാൻ തീരുമാനമായത്.

Related Articles

Latest Articles