കർണാടക : കോൺഗ്രസ് ഓരോ ഘട്ടത്തിലും അഴിമതിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അഴിമതിയെക്കുറിച്ച് പ്രഭാഷണം നടത്താൻ അവർക്ക് ധാർമ്മിക അവകാശമില്ലെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച്ച പറഞ്ഞു. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളിൽ ‘പേസിഎം പോസ്റ്ററുകൾ’ സ്ഥാപിച്ച് ബൊമ്മൈയെ ലക്ഷ്യമിട്ട് കോൺഗ്രസ് പ്രചാരണം ശക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാന നിയമസഭയുടെ 10 ദിവസത്തെ സംയുക്ത സമ്മേളനത്തിന്റെ സമാപനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെ “കോൺഗ്രസ് എന്ത് വേണമെങ്കിലും ചെയ്യട്ടെ. ആത്യന്തികമായി സത്യം ജയിക്കും. ഒരു തെളിവും ഇല്ലാതെ സംസാരിക്കുന്ന മനോഭാവം അധികകാലം നിലനിൽക്കില്ല. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾക്ക് വിശദമായ മറുപടി നൽകിയിട്ടുണ്ട്.മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു.
“ആവർത്തിച്ചാൽ അത് സത്യമാകുമെന്ന് അവർ കരുതുന്നു, പക്ഷേ ആ സമയം പോയി. ജനങ്ങൾക്ക് സത്യം അറിയാം. ഒരു വർഷം മുമ്പാണ് അസോസിയേഷൻ കത്തെഴുതിയത്. പരാതിയ്‌ക്കൊപ്പം ഒരു തെളിവും നൽകണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ചിത്രമുള്ള ‘പേസിഎം’ പോസ്റ്ററുകൾ ബംഗളൂരുവിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അന്വേഷണത്തിന് ഉത്തരവിട്ടു. ഇലക്‌ട്രോണിക് വാലറ്റായ പേടിഎമ്മിന്റെ പരസ്യത്തോട് സാമ്യമുള്ള പോസ്റ്ററുകളിൽ ക്യുആർ കോഡിന് നടുവിൽ മുഖ്യമന്ത്രി ബൊമ്മൈയുടെ മുഖത്തിന്റെ ചിത്രവും “40% ഇവിടെ സ്വീകരിക്കുന്നു” എന്ന സന്ദേശവും ഉണ്ടായിരുന്നു.
പൊതുമരാമത്ത് കരാറുകളും സർക്കാർ റിക്രൂട്ട്‌മെന്റുകളും നൽകുന്നതിന് സർക്കാർ 40 ശതമാനം കമ്മീഷൻ നിരക്ക് ഈടാക്കിയതിന്റെ പേരിൽ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരായ ആക്രമണം ശക്തമാക്കിയ കോൺഗ്രസാണ് പോസ്റ്ററുകൾ പതിച്ചത്.

