Monday, April 29, 2024
spot_img

ഉച്ചയ്ക്ക് ശേഷം അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനൊരുങ്ങി തമിഴ്‌നാട് വനംവകുപ്പ്; കമ്പം ടൗണിൽ നിരോധനാജ്ഞ

കമ്പം : കേരള അതിർത്തിയോടു ചേർന്ന തമിഴ്നാട്ടിലെ കമ്പം ടൗണിലിറങ്ങി അക്രമം അഴിച്ചുവിട്ട അരിക്കൊമ്പനെ ഇന്ന് ഉച്ചയ്ക്കുശേഷം മയക്കുവെടിവയ്ക്കാനൊരുങ്ങി തമിഴ്‌നാട് വനംവകുപ്പ്. തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ശ്രീനിവാസ റെഡ്ഡിയുടെ പ്രത്യേക നിർദേശ പ്രകാരം കർണാടകയിലെ ഹൊസൂരിൽ നിന്നും മധുരയിൽനിന്നും രണ്ടു വൈറ്ററിനറി വിദഗ്ധരെ അടിയന്തിരമായി സ്ഥലത്തെത്തിക്കും.

അരികൊമ്പനെ പിടികൂടുന്നതിനായി ആനമലയിൽനിന്നും കുങ്കിയാനകൾ പുറപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ ദൗത്യം തുടങ്ങാനാണ് തീരുമാനം. ശേഷം ആനയുടെ ആരോഗ്യനില പരിശോധിച്ചശേഷം ഹൊസൂരിൽനിന്നു കൊണ്ടുവരുന്ന പ്രത്യേക വാഹനത്തിൽ ഉൾവനത്തിലേക്കു കൊണ്ടുപോകും.
ആനയെ പിടികൂടാൻ എല്ലാ വകുപ്പുകളും സഹകരിക്കണമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആനയെ മാറ്റണമെന്നും എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു.

ഇന്നു രാവിലെ കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പൻ വൻ നാശനഷ്ടങ്ങളാണ് വരുത്തിയത്. ഓട്ടോറിക്ഷയും ബൈക്കും ഉൾപ്പെടെ ആന തകർത്തെറിഞ്ഞു. ഓട്ടോയിലുണ്ടായിരുന്ന ബൽരാജിനു പരിക്കേറ്റു. അരിക്കൊമ്പന്റെ ആക്രമണം മൂലം കമ്പം ടൗണിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനം പുറത്തിറങ്ങരുതെന്നു നിർദേശം നൽകി. തോക്കുമായി പൊലീസുകാര്‍ രംഗത്തെത്തി. ആകാശത്തേക്കു വെടിവച്ച് അരിക്കൊമ്പനെ കാട്ടിലേക്ക് ഓടിക്കാനാണു പൊലീസ് ശ്രമിക്കുന്നത്. കമ്പംമേട്ട് റൂട്ടിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ടൗണിൽനിന്നു മൂന്നു കിലോമീറ്റർ മാറി ഒരു തോട്ടത്തിലാണ് നിലവിൽ അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്.

അരിക്കൊമ്പന്റെ പരാക്രമം ജനജീവിതത്തെ ബാധിച്ച സാഹചര്യത്തിലാണ് മയക്കുവെടി വയ്ക്കാനുള്ള തീരുമാനം. മുൻപും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ അരിക്കൊമ്പൻ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അരിക്കൊമ്പനെ ഭയന്ന് മേഘമലയിലേക്കുള്ള വിനോദസഞ്ചാരം നേരത്തെ നിർത്തിവച്ചിരുന്നു.

Related Articles

Latest Articles