Monday, October 19, 2026

ആര്‍.എസ്.എസിന്റെ റാലിക്ക് അനുമതി നിഷേധിച്ച്‌ തമിഴ്നാട് സർക്കാർ; മനുഷ്യമതില്‍ തീര്‍ക്കുമെന്ന് വിടുതലൈ ചിരുതൈ മക്കള്‍ കക്ഷിയും ഇടതുപാര്‍ട്ടികളും, റാലിക്ക് അനുമതി നല്‍കാന്‍ പൊലീസിനോട് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംസ്ഥാനത്ത് നടത്താനിരുന്ന ആര്‍.എസ്.എസിന്റെ റാലിക്ക് അനുമതി നിഷേധിച്ച്‌ തമിഴ്നാട്. ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന റാലിക്കാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. റൂട്ട് മാര്‍ച്ച്‌ നടത്താന്‍ അനുമതി തേടി പൊലീസിന് നല്‍കിയ അനുമതിയായിരുന്നു നിഷേധിച്ചത്. ട്രിച്ചി ഉള്‍പ്പെടെ 50 ഇടങ്ങളിലാണ് ആര്‍.എസ്.എസ് റാലി പ്രഖ്യാപിച്ചിരുന്നത്.

ആര്‍.എസ്.എസ് റാലിക്കെതിരെ വിടുതലൈ ചിരുതൈ മക്കള്‍ കക്ഷിയും ഇടതുപാര്‍ട്ടികളും ഗാന്ധി ജയന്തി ദിനത്തില്‍ മനുഷ്യമതില്‍ തീര്‍ക്കുമെന്നുള്ള പ്രഖ്യാപനവും രംഗത്ത് എത്തിയിരുന്നു. റാലി നിരോധിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി രംഗത്തെത്തിയിരുന്നു.

എന്നാൽ, അനുമതി നിഷേധിച്ചതിനെതിരെ ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചു. റാലിക്ക് അനുമതി നല്‍കാന്‍ നേരത്തെ മദ്രാസ് ഹൈക്കോടതി പൊലീസിനോട് ഉത്തരവിട്ടിരുന്നതാണ്.

കോടതിയുടെ ഉത്തരവുണ്ടായിട്ടും അനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ്.എസിന്റെ വക്കീല്‍ നോട്ടീസ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഫണീന്ദ്ര റെഡ്ഡി, ഡി.ജി.പി സി ശൈലേന്ദ്ര ബാബു, ലോക്കല്‍ എസ്.പി, ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കാണ് ആര്‍.എസ്.എസ് വക്കീല്‍ നോട്ടീസ് അയച്ചത്.

ഹൈക്കോടതി ജസ്റ്റിസ് ജി കെ ഇളന്തിരയന്റെ സെപ്തംബര്‍ 22ലെ ഉത്തരവ് കണക്കിലെടുത്ത്, ഈ നാല് പേര്‍ക്കും പരിപാടിക്ക് അനുമതി നിഷേധിക്കാനോ പുതിയ വ്യവസ്ഥകള്‍ ഉണ്ടാക്കാനോ അധികാരമില്ലെന്ന് ആര്‍.എസ്.എസ് അഭിഭാഷകന്‍ ബി രാബു മനോഹര്‍ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

Related Articles

Latest Articles