തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് ടാങ്കർ ലോറി സമരം. തിങ്കളാഴ്ച മുതൽ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികളിലെ സർവീസ് നിർത്തിവക്കാൻ ലോറി ഉടമകൾ തീരുമാനിച്ചു. സർക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ലോറി ഉടമകൾ ആവശ്യപ്പെട്ടു. 13 ശതമാനം സർവീസ് ടാക്സ് നൽകാൻ നിർബന്ധിതരായതിനാലാണ് സമരമെന്നാണ് വിശദീകരണം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു. കരാർ പ്രകാരം സർവീസ് ടാക്സ് എണ്ണക്കമ്പനികളാണ് നൽകേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. അറുനൂറോളം ലോറികളാണ് തിങ്കളാഴ്ച മുതല്‍ സർവീസ് പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികൾ അറിയിച്ചു.
കമ്പനി ഉടമകളുമായി സർക്കാർ നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല.ഇതിനെ തുടർന്നാണ് ലോറി ഉടമകൾ സമരത്തിലേക്ക് കടന്നത്. ലോറിയുടമകൾ സമരം പ്രഖ്യാപിച്ച സാഹചര്യം നേരിടാൻ സർക്കാർ കൂടിയാലോചനകൾ നടത്തുന്നതായാണ് വിവരം. ലോറി ഉടമകളുമായി സർക്കാർ വീണ്ടും ചർച്ച നടത്തിയേക്കും.

