Saturday, April 27, 2024
spot_img

താനൂർ ബോട്ടുദുരന്തം ! സർക്കാർ പ്രഖ്യാപിച്ച ചികിത്സാ സഹായം ലഭിച്ചില്ലെന്ന് പരാതി ; ദുരന്തത്തിൽ ഭാര്യയെയും മകനെയും നഷ്ടമായതിനു പിന്നാലെ രക്ഷപ്പെട്ട 2 മക്കളുമായി ആശുപത്രികൾ തോറും ചികിത്സ തേടി അലഞ്ഞ് പരപ്പനങ്ങാടി സ്വദേശി

താനൂർ ബോട്ടുദുരന്തത്തിൽ സർക്കാർ പ്രഖ്യാപിച്ച ചികിത്സാ സഹായം ലഭിച്ചില്ലെന്ന് പരാതി. ബോട്ടപകടത്തിൽ പെട്ടവർക്ക് ചികിത്സ ആവശ്യമെങ്കിൽ അതിനുള്ള സാമ്പത്തിക സഹായം നൽകാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ദുരന്തത്തിൽ ഭാര്യയെയും മകനെയും നഷ്ടമായതിനു പിന്നാലെ രക്ഷപ്പെട്ട 2 മക്കളുമായി ആശുപത്രികൾ തോറും ചികിത്സ തേടി അലയുകയാണ് മുഹമ്മദ് ജാബിർ. പരപ്പനങ്ങാടി കുന്നുമ്മൽ സ്വദേശിയായ മുഹമ്മദ് ജാബിറിന്റെ ഭാര്യ ജൽസിലയും മകൻ ജരീറും അന്ന് ദുരന്തത്തിൽ മരിച്ചിരുന്നു. പെൺമക്കളായ ജർഷയും ജന്നയും രക്ഷപ്പെട്ടിരുന്നു. ജർഷയ്ക്ക് (10) അപകടത്തെ തുടർന്ന് സംസാരം കുറയുകയും ശരീരത്തിനു ബലം നഷ്ടപ്പെട്ടു പോകുകയും ചെയ്തു.

വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ ശ്രമിക്കുമ്പോൾ കൈകൾ വായയ്ക്ക് അടുത്തെത്തിക്കാൻ പോലും കുഞ്ഞിന്റെ കൈകൾക്ക് ബലമില്ല. വെള്ളത്തിൽ മുങ്ങിപ്പോയ സമയത്ത് തലച്ചോറിൽ വെള്ളം കയറിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് കരുതുന്നത്. നടക്കാനും ബുദ്ധിമുട്ടുണ്ട്. നടക്കുന്നതിനിടെ കാലുകളുടെ ബലം നഷ്ടമാകുന്നതിനെത്തുടർന്ന് കഴിഞ്ഞ ദിവസം നിലത്തു വീണ് കുട്ടിയുടെ കാലിന്റെ എല്ലു പൊട്ടി. രണ്ടാമത്തെ മകൾ ജന്നയെയും ആരോഗ്യ പ്രശ്നങ്ങൾ വേട്ടയാടുകയാണ്. കഠിനമായ തലവേദനയും അതുകാരണം ബോധക്കേടുണ്ടാകുന്ന സ്ഥിതിയുമാണ് ജന്നയ്ക്കുള്ളത്.

അപകട മരണത്തെ തുടർന്ന് സർക്കാർ നൽകിയ പണത്തിലെ നല്ലൊരു പങ്കും കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി ചെലവായി. ചികിത്സയും മറ്റുമായി നടക്കുന്നതിനാൽ ബോട്ടപകടത്തിനു ശേഷം ഇതുവരെ മത്സ്യത്തൊഴിലാളിയായ ജാബിറിന് ജോലിക്കു പോകാൻ സാധിച്ചിട്ടില്ല. ബോട്ടപകടത്തിൽ പെട്ടവർക്ക് ചികിത്സ ആവശ്യമെങ്കിൽ അതിനുള്ള സാമ്പത്തിക സഹായം നൽകാമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ യാതൊരു തരത്തിലുള്ള സഹായവും ലഭിച്ചിട്ടില്ലെന്നാണ് ജാബിർ പറയുന്നത്. ഇതിനായി ഇടപെടണമെന്ന് കാട്ടി ഇന്നലെ ഇവർ അപകടത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി.കെ.മോഹനനെ കാണാനെത്തിയിരുന്നു. എന്നാൽ ഇത് കമ്മിഷന്റെ പരിധിയിൽ പെടാത്ത കാര്യമാണെന്ന മറുപടിയാണ് ലഭിച്ചത്.

പരപ്പനങ്ങാടി – താനൂർ നഗരസഭാ അതിർത്തിയിൽ ഒട്ടുമ്പുറത്ത് അറബിക്കടലിൽ ചേരുന്ന പൂരപ്പുഴയുടെ അഴിമുഖത്തിൻ്റെ തീരത്തുള്ള തൂവൽ തീരത്താണ് ദുരന്തം നടന്നത്. വിനോദയാത്രയ്‌ക്ക് ഉപയോഗിച്ചിരുന്ന അറ്റ്ലാന്റ ബോട്ടാണ് 2023 മെയ് 7 ന് വൈകുന്നേരം 6:30-നും 7:00 നും ഇടയിൽ അപകടത്തിൽപ്പെട്ടത്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് ബോട്ട് ഓടിച്ചിരുന്നതെന്ന് പിന്നീട് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സർവീസ് നടത്തുമ്പോൾ യാത്രക്കാർക്ക് ലൈഫ് ജാക്കറ്റുകൾ നൽകിയിരുന്നില്ല. 22 പേരാണ് സംഭവത്തിൽ മരിച്ചത്. ബോട്ടിന്റെ അടിഭാഗം ഉരുണ്ടതാണെന്ന് കണ്ടതിനെത്തുടർന്ന് ഈ ബോട്ട് വിനോദസഞ്ചാരത്തിന് ഉപയോഗിക്കരുതെന്ന് മത്സ്യത്തൊഴിലാളികൾ മുന്നറിയിപ്പ് നൽകിയിരുന്നു. വിനോദസഞ്ചാര ആവശ്യങ്ങൾക്കായി ബോട്ടിൻ്റെ അടിഭാഗം പരന്നതായിരിക്കണം. മത്സ്യബന്ധന ബോട്ടായിരുന്ന ഇതിനെ ഉടമ രൂപമാറ്റം വരുത്തി ഇത് വിനോദസഞ്ചാര ബോട്ടായി മാറ്റുകയായിരുന്നു. കൂടുതൽ ആളുകൾ കയറിയപ്പോൾ ഒരു വശത്തേക്ക് ചരിഞ്ഞതാണ് അപകടത്തിന് കാരണമായത്.

Related Articles

Latest Articles