ദില്ലി : രാജസ്ഥാനിലെ കോണ്‍ഗ്രസിനകത്ത് നടക്കുന്ന പൊട്ടിത്തെറികളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നു. എം.എല്‍.എ.മാരെ വിശ്വാസമില്ലാത്ത സര്‍ക്കാരും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിനെ വിശ്വാസമില്ലാത്ത എം.എല്‍.എ.മാരുമാണ് രാജസ്ഥാൻ കോണ്‍ഗ്രസിലുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തും മുൻ ഉപമുഖ്യമന്ത്രി സച്ചൻ പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടൽ സന്ധിയില്ലാത്ത തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരിഹാസം.
സര്‍ക്കാരിലെ എല്ലാവരും പരസ്പരം താഴ്ത്തിക്കെട്ടുന്നതിൽ മത്സരിക്കുകയാണ്. മുഖ്യമന്ത്രിക്കസേര അഞ്ചുവര്‍ഷവും ഇങ്ങനെ കുഴപ്പത്തിലായിക്കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ വികസനം ആര് ശ്രദ്ധിക്കുമെന്ന് മോദി ചോദിച്ചു. രാജസമന്ദില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സോണിയ ഗാന്ധിയല്ല, വസുന്ധര രാജെയാണ് അശോക് ഗെലോട്ടിന്റെ നേതാവെന്ന് സച്ചിൻ പൈലറ്റ് തുറന്നടിച്ചതോടെയാണ് രാജസ്ഥാനിൽ കോൺഗ്രസ്സിലെ ആഭ്യന്തര കലഹം കൂടുതൽ തീവ്രമായത്. നേരത്തെ സർക്കാർ അഴിമതികളിൽ വേണ്ടവിധം അന്വേഷണം നടത്തുന്നില്ല എന്നാരോപിച്ച് സച്ചിൻ പൈലറ്റ് ഏകദിന ഉപവാസം നടത്തിയിരുന്നു. തുടർന്ന് പാർട്ടി ദേശീയ നേതൃത്വം ഇടപെടുകയും പൈലറ്റ് ചെറിയ രീതിയിലാണെങ്കിൽ പോലും ആരോപണങ്ങളിൽ അയവ് വരുത്തുകയും ചെയ്തിരുന്നു. എന്നാലും വസുന്ധരയും ഗെലോട്ടും തമ്മിൽ രാഷ്ട്രീയ അന്തർധാര സജീവമാണെന്ന ചർച്ചകൾക്കിടെയാണ് സ്ഥിതിഗതികൾ കൂടുതൽ മോശമാക്കിക്കൊണ്ട് ഇപ്പോൾ കടുത്ത ആരോപണവുമായി സച്ചിൻ രംഗത്തെത്തിയിരിക്കുന്നത്.
2020ൽ കുറച്ചു എംഎൽഎമാരുമായി സച്ചിൻ പൈലറ്റ് തന്റെ സർക്കാരിനെ വെല്ലുവിളിച്ചപ്പോൾ വസുന്ധര രാജെയാണു സഹായിച്ചതെന്നു കഴിഞ്ഞ ദിവസം ഗെലോട്ട് വെളിപ്പെടുത്തിയിരുന്നു. ‘‘ഇക്കാര്യം കേട്ടതോടെയാണ് ഗെലോട്ടിന്റെ നേതാവ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയല്ലെന്നും വസുന്ധരയാണെന്നും എനിക്ക് തോന്നിയത്. സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പറയുന്നു, സർക്കാരിനെ രക്ഷിച്ചത് ബിജെപി നേതാവാണെന്ന്. ഈ വൈരുധ്യം ഗെലോട്ട് വിശദീകരിക്കണം’’– എന്നാണ് ഇന്നലെ സച്ചിൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
സംസ്ഥാനത്തെ അഴിമതിക്കെതിരെ ഈ മാസം 11ന് അജ്മീറിൽനിന്ന് ജയ്പുരിലേക്ക് ‘ജൻസംഘർഷ്’ പദയാത്ര നടത്തുമെന്നും സച്ചിൻ പ്രഖ്യാപിച്ചിട്ടുണ്ട്. യുവാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകളും യാത്രയിൽ ഉയർത്തും. അഴിമതിക്കെതിരെ ഗെലോട്ട് സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണു സച്ചിൻ യാത്രയ്ക്കിറങ്ങുന്നത്.

