ധാക്ക: ബംഗ്ലാദേശിൽ ദുർഗാപൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങൾക്കു (Hindus Attacked In Bangladesh) നേരെയും, ഹിന്ദുക്കൾക്ക് നേരെയുമുണ്ടായ ആക്രമണത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ വിമർശിച്ച് ബംഗ്ലാദേശ്-സ്വീഡിഷ് എഴുത്തുകാരി തസ്ലീമ നസ്രീൻ. രാജ്യത്ത് ഹിന്ദു സമൂഹത്തിനെതിരെ തുടരുന്ന അക്രമത്തിൽ ഭരണകൂടം ഒന്നും ചെയ്യുന്നില്ലെന്ന് തസ്ലീമ തുറന്നടിച്ചു. ട്വിറ്ററിലൂടെയായിരുന്നു അവരുടെ വിമർശനം.
തസ്ലീമയുടെ ട്വീറ്റിന്റെ പൂർണ്ണരൂപം
” ഹിന്ദു ഗ്രാമങ്ങൾ ജിഹാദികൾ കത്തിച്ചു, ഹസീന ഓടക്കുഴൽ വായിച്ചുകൊണ്ടിരിക്കുകയാണോ, എന്നു പറഞ്ഞാണ് ട്വീറ്റിന്റെ തുടക്കം, ഒക്ടോബർ 17 -ന് രാത്രിയിൽ രണ്ട് ഹിന്ദു ഗ്രാമങ്ങൾ ജിഹാദികൾ കത്തിച്ചതായി ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ആക്ഷേപിച്ചുകൊണ്ട് ഹസീന കുറിച്ചു. അതുകൂടാതെ, ഇന്ന് ഞാൻ എന്റെ സഹോദരൻ ഷെയ്ക്ക് റസ്സലിന്റെ ജന്മദിനം ആഘോഷിക്കുകയാണ്, അതേദിവസമാണ് ആയിരക്കണക്കിന് ഹിന്ദുക്കളുടെ വീട് തകർക്കപ്പെടുകയും, കത്തിക്കുകയും ചെയ്തതെന്നതിൽ ഞാൻ ദുഃഖിക്കുന്നു” എന്ന് പറഞ്ഞാണ് അവർ ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം ബംഗ്ലാദേശിൽ ദുർഗാപൂജയോടനുബന്ധിച്ച് ക്ഷേത്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ, മതനിന്ദ നടത്തിയെന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 66ഓളം വീടുകൾ തകർത്തു. ഇരുപതോളം വീടുകൾക്ക് ജിഹാദികൾ തീയിട്ടു. ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം രംഗ്പൂർ ജില്ലയിലെ പിർഗോഞ്ച് ഉപാസിലാ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
യുവാവ് മതനിന്ദനടത്തിയെന്നാരോപിച്ചാണ് സംഘർഷം ഉടലെടുത്തത്. എന്നാൽ ഇത് വ്യാജ ഫേസ്ബുക്ക് പോസ്റ്റാണെന്ന് തിരിച്ചറിഞ്ഞു. ആരോപണ വിധേയനായ യുവാവിന്റെ വീടിന് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയെങ്കിലും കലാപകാരികൾ തൊട്ടടുത്ത വീടുകൾ ആക്രമിച്ച് തീ വയ്ക്കുകയായിരുന്നുവെന്നാണ് വിവരം. വാഹനങ്ങളും കത്തിച്ചു. ആളപായമില്ല. സംഭവത്തിൽ 50ഓളം പേരെ അറസ്റ്റ് ചെയ്തു. എന്നാൽ ബംഗ്ലാദേശിൽ കഴിഞ്ഞ ആഴ്ച അവിടത്തെ ന്യൂനപക്ഷങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേ സമയം ദുർഗാ പൂജയ്ക്കിടെ ക്ഷേത്രങ്ങൾക്ക് നേരെയുണ്ടായത് ആസൂത്രിത ആക്രമണമാണെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുസ്മാൻ ഖാൻ പറഞ്ഞു. ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള ആക്രണമങ്ങൾ വഴി രാജ്യവ്യാപകമായി വർഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ ഉദ്ദേശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊമിലയിലെ ദുർഗാപൂജ കേന്ദ്രത്തിൽ മുസ്ലീങ്ങളുടെ മതഗ്രന്ഥമായ ഖുറാനെ അപമാനിച്ചുവെന്നാരോപിച്ച് നടന്ന സംഘർഷമാണ് പിന്നീട് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചത്.അക്രമങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടായിട്ടുണ്ടെന്നും ബംഗ്ലാദേശിലെ മതസൗഹാർദ്ദം തകർക്കുകയാണ് ഇതുകൊണ്ട് അവർ ലക്ഷ്യമിട്ടതെന്നും അസദുസ്മാൻ പറഞ്ഞു. ആരൊക്കെയാണ് സംഭവത്തിൽ ഉൾപ്പെട്ടത് എന്ന് കണ്ടെത്താൻ സമഗ്രമായ അന്വേഷണം നടക്കുന്നുണ്ട്. കുറ്റക്കാർക്ക് കടുത്ത ശിക്ഷ നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഒരു ഇമാം ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. 22 കാരനായ മുനാവർ റഷീദ്, ഡോക്ടറായ കാഫിൽ ഉദ്ദിൻ,പ്രായപൂർത്തിയാകാത്ത മറ്റു രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായതെന്നാണ് വിവരം. കദിം മയ്ജതിയിലെ കാളി മന്ദിർ ആക്രമിച്ച സംഭവത്തിൽ ക്ഷേത്രം അധികാരി ബീരേന്ദ്ര ചന്ദ്ര ബൊർമോൺ നൽകിയ പരാതിയിലാണ് അറസ്റ്റ്. ക്ഷേത്രങ്ങൾ ആക്രമിച്ചതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സാമുദായിക കലാപത്തിൽ 6 പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

