Monday, May 20, 2024
spot_img

ഇനി “ത്രിശൂലവും, വജ്രയും” ചൈനയെ തുരത്തിയോടിക്കും; അതിർത്തിയിൽ പരമ്പരാഗത ആയുധങ്ങൾ എടുത്ത് പോരാടാൻ ഇന്ത്യൻ സേന

ദില്ലി: സംഘര്‍ഷം നടക്കുന്ന ഇന്ത്യ-ചൈന (India-China Conflict) അതിര്‍ത്തിയില്‍ ചൈനയെ നേരിടാൻ വമ്പൻ സന്നാഹങ്ങളുമായി ഇന്ത്യ. ചൈനയെ തുരത്തിയോടിക്കാൻ പരമ്പരാഗത ആയുധങ്ങളായ ത്രിശൂലവും വജ്രയും ഉൾപ്പെടെ ഉപയോഗിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം.

ചൈന അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന ചൈനീസ് സൈന്യം (Chinese Army) തങ്ങളുടെ കമ്പി വടികളും ടേസറുകളും ഉപയോഗിച്ച് ആക്രമണം നടത്തുമ്പോൾ ഇവയെ പ്രതിരോധിക്കാനുള്ള ആയുധങ്ങളാണ് നോയിഡ ആസ്ഥാനമായുള്ള കമ്പനി പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ത്രിശൂലവും വജ്രായുധവും ഇനി സുരക്ഷാ സേനയുടെ ആയുധമാകും. കിഴക്കൻ ലഡാക്കിൽ നടന്ന ഗൽവാൻ സംഘർഷത്തിൽ ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ ചൈനീസ് സൈന്യം പ്രാകൃതമായ രീതിയിൽ കമ്പിവടികളും ടേസറുകളുമാണ് ഉപയോഗിച്ചിരുന്നത്. തോക്ക് ഉപയോഗിക്കാൻ പാടില്ലെന്ന കരാർ നിലനിൽക്കുന്നതിനാലാണ് ചൈനീസ് പട്ടാളം വടികൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

എന്നാൽ ഇതിനെ ചെറുക്കാൻ ത്രാണിയുളള എന്നാൽ ജീവന് മാരകമല്ലാത്ത രീതിയിലുള്ള ആയുധങ്ങളാണ് ഇന്ത്യൻ സൈന്യത്തിന് നൽകുക. പരമശിവന്റെ ത്രിശൂലത്തെയും ഇന്ദ്രന്റെ വജ്രായുധത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആയുധങ്ങൾ എന്ന് അപാസ്റ്റെറോൺ പ്രൈവെറ്റ് ലിമിറ്റഡിലെ ചീഫ് ടെക്നോളജി ഓഫീസർ മോഹിത് കുമാർ പറഞ്ഞു.

വജ്രയും , ത്രിശൂലവും

ശത്രുക്കൾക്ക് ഇലക്ട്രിക് ഷോക്ക് നൽകുന്നതിന് വേണ്ടിയാണ് ‘വജ്ര’ നിർമ്മിച്ചിരിക്കുന്നത്. ഒരറ്റത്ത് കൂർത്ത മുനയുള്ള മെറ്റൽ റോഡ് ടേസറാണിത്. ശത്രുക്കളെ ആക്രമിക്കാനും അവരുടെ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളുടെ ടയറ് പഞ്ചറാക്കാനും വജ്ര ഉപയോഗപ്പെടുത്താം. അനുവദനീയമായ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന കറന്റ് ഉള്ളതിനാൽ ഷോക്ക് ട്രീറ്റ്മെന്റ് നൽകാൻ സാധിക്കുമെന്നതും ഈ ആയുധത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കാൻ ശ്രമിക്കുന്ന എതിരാളിയുടെ വാഹനത്തെ തടയാനാണ് ത്രിശൂലം ഉപയോഗിക്കുന്നത്. വൈദ്യുതി പ്രസരിപ്പിക്കാൻ സാധിക്കുന്ന സാപ്പർ പഞ്ചാണ് ഈ ആയുധങ്ങളിലെല്ലാം മുന്നിൽ നിൽക്കുന്നത്. കൊടും തണുപ്പിൽ നിന്നും രക്ഷനേടാനുള്ള ഗ്ലൗസുകളായി ഉപയോഗിക്കാൻ സാധിക്കുന്നവയാണ് സാപ്പർ പഞ്ചുകൾ. എന്നാൽ ശത്രു അടുത്തെത്തിയാൽ ഇവയെ ഇലക്ട്രിക് ഷോക്ക് നൽകുന്ന ടേസറുകളാക്കി മാറ്റാൻ സാധിക്കും.

2020 ജൂണിലാണ് അന്താരാഷ്‌ട്ര അതിർത്തി ലംഘിച്ചുകൊണ്ട് ചൈനീസ് പീപ്പിൾസ് ആർമി ഇന്ത്യൻ പ്രദേശത്തേക്ക് അതിക്രമിച്ച് കയറിയത്. കമ്പി ചുറ്റിയ വടികളും ടേസറുകളും ഉപയോഗിച്ച് പ്രാകൃതായ രീതിയിലാണ് ചൈന അന്ന് ആക്രമണം നടത്തിയത്. ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. 45 ഓളം ചൈനീസ് പട്ടാളക്കാർ മരിച്ചുവെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം സംഘര്‍ഷം നടക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി ഇന്ത്യന്‍ സേന. അരുണാചല്‍ പ്രദേശിലെ ചൈനയുമായുള്ള അതിര്‍ത്തിപ്രദേശത്ത് ഹെറോണ്‍ ട്രോണുകള്‍ ഉള്‍പ്പടെ വിന്യസിച്ചാണ് ഇന്ത്യന്‍ സേനയുടെ നിരീക്ഷണം.ധ്രുവ് ഹെലിക്കോപ്റ്ററും അതിന്റെ സയുധ പതിപ്പായ അഡ്വാന്‍സ്ഡ് ലൈറ്റ് ഹെല്‌കോപ്റ്ററായ രുദ്രയും ഉള്‍പ്പടെയുള്ള മറ്റ് പ്രതിരോധ സംവിധാനങ്ങളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ ചൈന അതിര്‍ത്തി പ്രദേശത്ത് പ്രകോപനം തീര്‍ക്കുന്ന ഇടപെടല്‍ നടത്തിവരികയാണ്. സുരക്ഷാ നിരീക്ഷണത്തിന്റെ നട്ടെല്ലായാണ് ഹെറോണ്‍ ഡ്രോണുകളെ സേന കണക്കാക്കുന്നത്. ഇസ്രായേല്‍ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് വികസിപ്പിച്ച മീഡിയം ആള്‍ടിറ്റിയൂഡ് ലോങ് എന്‍ഡ്യുറന്‍സ് അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍ ആണിത്.

35,000 അടി ഉയരത്തില്‍ ഇതിന് പറക്കാന്‍ സാധിക്കും. തുടര്‍ച്ചയായ ആകാശ ദൃശ്യങ്ങള്‍ താഴെയുള്ള കമാന്‍ഡര്‍മാര്‍ക്ക് നല്‍കും. അതിനുസരിച്ച് താഴെ സേനയുടെ നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനാവും. ഒറ്റത്തവണ 52 മണിക്കൂര്‍ വരെ പറക്കാന്‍ സാധിക്കുമെന്ന് ഇത് തെളിയിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ കരസേനയുടെ അടുത്ത് നാലും, വ്യോമസേനയുടെ പക്കല്‍ 49 എണ്ണവും നാവിക സേനയുടെ കൈവശം 16 ഹെറോണ്‍ ഡ്രോണുകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രിയിലും പകലും ഉപയോഗിക്കാനാവുന്ന ക്യാമറകള്‍ ഇതിനുണ്ട്. മോശം കാലാവസ്ഥയിലാണെങ്കില്‍ പ്രദേശം മുഴവന്‍ നിരീക്ഷിക്കാനാവുന്ന സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാറും ഇതിനുണ്ട്.

Related Articles

Latest Articles