Tuesday, October 27, 2026

നാസിക്ക് ടിസിഎസ് ലവ് ജിഹാദ് കേസ് ! സൂത്രധാരൻ മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമ്രാൻ എന്ന മതപ്രഭാഷകനെന്ന് സൂചന; തീവ്രവാദ സംഘടനകൾക്ക് പങ്കാളിത്തമുണ്ടോ എന്നതിൽ അന്വേഷണം

നാസിക്കിലെ ലവ് ജിഹാദ് കേസിലെ പ്രതികൾ വനിതാജീവനക്കാരെ ലക്ഷ്യമിട്ട് സംഘടിതസംഘമായി പ്രവർത്തിച്ചുവെന്ന് പോലീസ്. സംഭവത്തിൽ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏഴ് പുരുഷന്മാരും ഒരു സ്ത്രീയും അറസ്റ്റിലായി. സംഭവത്തിൽ തീവ്രവാദ സംഘടനകൾക്ക് പങ്കാളിത്തമുണ്ടോ പ്രതികൾക്ക് വിദേശത്തുനിന്ന് സഹായധനം ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും പോലീസ് കമ്മിഷണർ സന്ദീപ് കർണിക് പറഞ്ഞു.

മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മതനേതാവിലേക്കാണ് മതപരിവർത്തനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കണ്ണികൾ നീളുന്നതെന്ന് നാസിക് പോലീസ് പറഞ്ഞു. ഹിന്ദു ദേവതകളെ അപമാനിക്കുന്ന പരാമർശങ്ങൾ, മതപരമായ ആചാരങ്ങളിൽ പങ്കെടുക്കാനുള്ള സമ്മർദം, മാംസാഹാരം കഴിക്കാൻ നിർബന്ധിക്കൽ തുടങ്ങിയ കാര്യങ്ങളും പരാതികളിലുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) അന്വേഷണം ആരംഭിച്ചത്. 18 മുതൽ 25 വരെ പ്രായമുള്ള വനിതാ ജീവനക്കാരെ കേന്ദ്രീകരിച്ച് 2022 മുതൽ ഈ സംഘം പ്രവർത്തിച്ചിരുന്നതായി പോലീസ് കണ്ടെത്തി. തൊഴിൽപരമായ സമ്മർദ്ദവും ഭീഷണിയും ഉപയോഗിച്ച് ഇസ്‌ലാമിക ആചാരങ്ങൾ പാലിക്കാൻ നിർബന്ധിക്കുക, മതവികാരത്തെ വ്രണപ്പെടുത്തുക, വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് ടീം ലീഡർമാരും എഞ്ചിനീയർമാരും അടക്കം ആറുപേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിലെ എച്ച്ആർ മാനേജരായ നിദ ഖാൻ ഒളിവിലാണെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു.

മതപരിവർത്തന റാക്കറ്റിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലുള്ള ബന്ധങ്ങളുണ്ടെന്ന സംശയത്തിലാണ് പോലീസ്. മലേഷ്യയുമായി ബന്ധമുള്ള ഇമ്രാൻ എന്ന മതപ്രഭാഷകനെക്കുറിച്ച് വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ സൂചനയുണ്ട്. ഇയാൾ വീഡിയോ കോളുകൾ വഴി ജീവനക്കാരുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നും മെച്ചപ്പെട്ട വിദേശ ജോലികളും ആഡംബര ജീവിതവും വാഗ്ദാനം ചെയ്ത് ജീവനക്കാരെ ആകർഷിക്കാൻ ശ്രമിച്ചിരുന്നതായും എസ്ഐടി കണ്ടെത്തി. പ്രതികൾ ഉപയോഗിച്ചിരുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ ഫോറൻസിക് പരിശോധനയിലൂടെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ടാറ്റാ സൺസ് ചെയർമാനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും അറിയിച്ചു. ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കുറ്റാരോപിതരായ ജീവനക്കാരെ കമ്പനി സസ്‌പെൻഡ് ചെയ്തു. ഹോട്ടൽ ബിസിനസ്സിലും മറ്റും ജോലി വാഗ്ദാനം ചെയ്തും ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്തുമാണ് പെൺകുട്ടികളെ പ്രലോഭിപ്പിച്ചിരുന്നതെന്ന് മഹാരാഷ്ട്ര മന്ത്രി ഗിരീഷ് മഹാജൻ പറഞ്ഞു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

Related Articles

Latest Articles