Friday, May 10, 2024
spot_img

സാങ്കേതിക പിഴവ് ! ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിൽ 9,000 കോടി എത്തിയ സംഭവം; തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് സിഇഒ രാജിവച്ചു

ചെന്നൈ : ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് സാങ്കേതിക പിഴവിനെത്തുടർന്ന് 9000 കോടി രൂപ എത്തിയ സംഭവം വിവാദമായതിന് ബാങ്ക് സിഇഒ രാജിവച്ചു. തമിഴ്‌നാട് മെർക്കന്റൈൽ ബാങ്ക് എംഡിയും സിഇഒയുമായ എസ്.കൃഷ്ണൻ ആണ് രാജിവച്ചത്. ഈ മാസമാദ്യമായിരുന്നു സാങ്കേതിക പിഴവിനെത്തുടർന്ന് 9,000 കോടി രൂപ ബാങ്കിൽ നിന്നും ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്കെത്തിയത്. കഴിഞ്ഞ വർഷം സെപ്‌റ്റംബറിലാണ് കൃഷ്ണൻ ബാങ്ക് മേധാവിയായി സ്ഥാനമേറ്റത്. വ്യക്തിപരമായ കാരണങ്ങളാൽ പദവി ഒഴിയുകയാണെന്നാണ് കാട്ടിയാണ് അദ്ദേഹം രാജി കത്ത് നൽകിയത്. ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് വ്യാഴാഴ്ച യോഗം ചേർന്ന് രാജി അംഗീകരിക്കുകയും കത്ത് റിസർവ് ബാങ്കിന് കൈമാറുകയും ചെയ്തു. ആർബിഐയുടെ ഉത്തരവ് വരുന്നതുവരെ കൃഷ്ണൻ എംഡി, സിഇഒ സ്ഥാനങ്ങളിൽ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.

ചെന്നൈയിൽ ടാക്‌സി ഡ്രൈവറായ പഴനി നെയ്‌കാരപ്പട്ടി സ്വദേശി രാജ്‌കുമാറിന്റെ 105 രൂപ മാത്രമുണ്ടായിരുന്ന അക്കൗണ്ടിലേക്കാണ് 9,000 കോടി എത്തിയത്. ആരോ പറ്റിക്കാൻ ശ്രമിച്ചതാണെന്നാണ് ആദ്യം കരുതിയത്. ഒടുവിൽ ഒന്ന് പരീക്ഷിച്ചു നോക്കാനായി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് 21,000 രൂപ അയച്ചു. സുഹൃത്തിന് പണം ലഭിച്ചതോടെ പറ്റിക്കാൻ ശ്രമിക്കുന്നതല്ല, പണം യഥാർത്ഥത്തിൽ തന്റെ അക്കൗണ്ടിൽ എത്തിയതായി രാജ്‌കുമാറിന് മനസിലായി. അപ്പോൾ തന്നെ ബാങ്കിൽ നിന്നു വിളിയെത്തി.

അബദ്ധത്തിൽ പണം അക്കൗണ്ടിലെത്തിയതാണെന്നും ഒരു രൂപ പോലും ചെലവാക്കരുതെന്നും നിർദേശിക്കുകയും ചെയ്തു. എന്നാൽ, സുഹൃത്തിനു പണം അയച്ചെന്നു പറഞ്ഞതോടെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് രാജ്‌കുമാർ ആരോപിക്കുന്നു . ഇതോടെ ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി ഇയാൾ പോലീസിനെ സമീപിച്ചു. തുടർന്ന് ബാങ്ക് അധികൃതരെത്തി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ രാജ്‌കുമാർ സുഹൃത്തിന് അയച്ച 21,000 രൂപ ബാങ്ക് വേണ്ടെന്നുവച്ചു. കാർ വാങ്ങാൻ വായ്‌പ അനുവദിക്കാമെന്ന ഉറപ്പിൽ ബാങ്ക് പണം തിരികെയെടുത്തു.

Related Articles

Latest Articles