Monday, May 6, 2024
spot_img

കൗമാരക്കാർക്ക് കൊവാക്സീൻ മാത്രം: പുതിയ മാർഗരേഖയുമായി കേന്ദ്ര സർക്കാർ

ദില്ലി: കൗമാരക്കാർക്ക് കൂടിയുള്ള വാക്സീൻ നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൗമാരക്കാർക്ക് കൊവാക്സീൻ മാത്രമായിരിക്കും നൽകുകയെന്ന് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. മാത്രമല്ല 2007ലോ അതിന് മുമ്പോ ജനിച്ച എല്ലാവരും വാക്സീൻ എടുക്കാൻ പുതിയ നയം അനുസരിച്ച് അർഹരാണ്.

മാത്രമല്ല നിലവിൽ ഉള്ള ഏതെങ്കിലും കോവിൻ അക്കൗണ്ട് വഴിയോ, സ്വന്തം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെയോ കൗമാരക്കാർക്ക് രജിസ്ട്രഷൻ നടത്താവുന്നതാണ്. കൂടാതെ വാക്സീൻ നൽകുന്നയാൾക്കും കൗമാരക്കാരുടെ രിജിസ്ട്രേഷൻ നടത്തി കൊടുക്കാൻ സാധിക്കും. എസ്എംഎസ് വഴിയാണ്‌ കരുതൽ ഡോസിന് അർഹരായവരെ അറിയിക്കുന്നത്. ഇവർക്ക് നിലവിലുള്ള അക്കൗണ്ട് വഴി തന്നെ രജിസ്റ്റർ ചെയ്യാം. വാക്സീൻ സർട്ടിഫിക്കറ്റിൽ കരുതൽ ഡോസിന്റെ വിവരങ്ങളും നൽകും. ഓൺലൈനായും ഓഫ്‍ലൈനായും രജിസ്ട്രേഷൻ നടത്താം.

15-18 വയസ് പ്രായമുള്ള കുട്ടികൾക്ക് വാക്സിനേഷന്‍റെ രജിസ്ട്രേഷൻ ജനുവരി ഒന്നു മുതൽ തുടങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ രേഖയും രജിസ്ട്രേഷന് ഉപയോഗിക്കാം. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ 2022 ജനുവരി 3 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.

അതേസമയം ജനുവരി പത്ത് മുതൽ അറുപത് വയസ് പിന്നിട്ടവർക്കും ആരോഗ്യ പ്രവർത്തകർക്കും ബൂസ്റ്റർ ഡോസ് നൽകാനാണ് തീരുമാനം. ആരോഗ്യപ്രവർത്തകർക്ക് കരുതൽ ഡോസായി നേരത്തെ സ്വീകരിച്ച അതേ വാക്സീൻ തന്നെ നൽകിയാൽ മതിയെന്നും തീരുമാനമായിരുന്നു. രണ്ടാം ഡോസ് കിട്ടി ഒൻപത് മാസത്തിന് ശേഷമാകും ആരോഗ്യ പ്രവർത്തകർക്ക് കരുതൽ ഡോസ് നൽകുക. ഐസിഎംആർ ഉൾപ്പടെ വിദഗ്ധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ഇടവേള.

എന്നാൽ ഏപ്രിൽ ആദ്യ വാരത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്കാകും കരുതൽ ഡോസ് ആദ്യം ലഭിക്കുക. കരുതൽ ഡോസായി വ്യത്യസ്ത വാക്സീൻ നല്‍കാന്‍ നേരത്തെ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാൽ ആദ്യ രണ്ട് ഡോസായി സ്വീകരിച്ച അതേ വാക്സീൻ തന്നെ നൽകിയാൽ മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. ഗുരുതര രോഗമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 45 നും 59 നും ഇടയിലുള്ള ഗുരുതര രോഗമുള്ളവർക്ക് വാക്സിൻ നൽകിയ മാതൃകയിലായിരിക്കും ബൂസ്റ്റർ ഡോസ് നൽകുക.

Related Articles

Latest Articles