Sunday, June 16, 2024
spot_img

‘കേരളം ചുട്ടുപൊള്ളുന്നു’: സംസ്ഥാനത്ത് ആറു ജില്ലകളില്‍ ചൂട് കൂടും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ആറു ജില്ലകളില്‍ (Summer) ചൂടു കൂടുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നാളെ ഉയര്‍ന്ന താപനിലയില്‍ സാധാരണയില്‍ നിന്ന് 2-3°C വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ പാലക്കാട്, വെള്ളാനിക്കര, പുനലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സംസ്ഥാനത്ത് ചൂട് വര്‍ദ്ധിച്ചതോടെ സര്‍ക്കാരും ആരോഗ്യവകുപ്പും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പകല്‍ 12 മണി മുതല്‍ മൂന്ന് മണി വരെ പുറം സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നും, ചൂട് നേരിട്ട് ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

കഴിഞ്ഞ വര്‍ഷം മഴ കൂടുതലായിരുന്നതിനാല്‍ ചൂടിന് കുറവുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ വെനല്‍മഴയില്‍ 33 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതാണ് ചൂട് കൂടാനുള്ള പ്രധാനകാരണമായി കാലാവസ്ഥ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. മാര്‍ച്ച് രണ്ടിന് കോട്ടയത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. പകല്‍ സമയത്ത് 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് കോട്ടയത്തെ താപനില.

Related Articles

Latest Articles