ലഖ്നൗ: ഉത്തര്‍പ്രദേശിൽ ഉച്ചഭാഷിണി ഉപയോഗിച്ചതിന്റെ പേരിൽ ക്ഷേത്രം ആക്രമിച്ച് തകർത്തു. ലഖ്നൗവിലെ പിലിഭിത്തിലാണ് ഉച്ചഭാഷിണി ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച് ക്ഷേത്രം തല്ലിത്തകർത്തത്. സംഭവത്തിൽ അഞ്ചു പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മെഹബൂബ്, മോനിസ്, ഇസ്രായേല്‍, ആസാദ്, അലനൂര്‍ എന്നിവരാണ് അറസ്റ്റിലായത്.
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയ അക്രമികൾ വിഗ്രഹങ്ങള്‍ എടുത്തുകൊണ്ടുപോയി വലിച്ചെറിയുകയും ഉച്ചഭാഷിണി തല്ലിത്തകര്‍ക്കുകയും ചെയ്തു. ഈ പ്രദേശത്ത് വിശ്വാസികള്‍ ക്ഷേത്രത്തില്‍ ഒത്തുകൂടുന്നതും ഭജനകളും കീര്‍ത്തനങ്ങളും ആലപിക്കുന്നതും പതിവാണ്. ഇത്തരത്തില്‍ ഭജന നടന്നുകൊണ്ടിരിക്കെ ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെ അക്രമികള്‍ എത്തി ഭജന നിര്‍ത്താന്‍ ആവശ്യപ്പെട്ടു.
പിറ്റേന്ന് ഈദ് ആണെന്നും നിസ്കാര ചടങ്ങുകള്‍ നടത്തണമെന്നും പറഞ്ഞായിരുന്നു അക്രമം. എന്നാല്‍, ക്ഷേത്രത്തിലുണ്ടായിരുന്നവര്‍ ഇതിനെതിരെ പ്രതികരിച്ചു. ഗ്രാമത്തിനുള്ളിൽ നടക്കുന്ന നിസ്കാരത്തിൽ ക്ഷേത്രത്തിലെ ഉച്ചഭാഷിണി ശല്യമാകില്ലെന്നും അവര്‍ പറഞ്ഞു. ഇതിന് പിന്നാലെ ഉച്ചഭാഷിണിയുടെ വയര്‍ മുറിച്ച അക്രമികൾ വിഗ്രഹങ്ങള്‍ ഇളക്കിയെടുത്ത് വലിച്ചെറിഞ്ഞു. തടയാന്‍ ശ്രമിച്ച പൂജാരിയെ മര്‍ദ്ദിക്കുകയും ചെയ്തു.
അക്രമത്തിന് പിന്നാലെ ക്ഷേത്രം അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോഴേക്കും പ്രശ്നം കൂടുതല്‍ വഷളായി. തുടര്‍ന്ന് പോലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കുകയും വലിച്ചെറിഞ്ഞ വിഗ്രഹങ്ങള്‍ കണ്ടെത്തി ക്ഷേത്രത്തില്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.
അറസ്റ്റിലായവര്‍ക്കെതിരെ കലാപശ്രമം, മതവിശ്വാസം വൃണപ്പെടുത്തൽ, സമാധാനാന്തരീക്ഷം തകര്‍ക്കൽ, മതസ്പര്‍ദ്ധ വളര്‍ത്തൽ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.

