ദേവികുളം മുൻ എംഎൽഎ എ.രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവിന് ജൂലൈ വരെയാണ് സ്റ്റേ ലഭിച്ചിരിക്കുന്നത്. വിധി സ്റ്റേ ചെയ്ത സാഹചര്യത്തിൽ എ. രാജയ്ക്ക് ഇനി നിയമസഭാ സമ്മേളനങ്ങളിൽ പങ്കെടുക്കാം. എന്നാൽ ശമ്പളവും അലവൻസും ലഭിക്കുന്നത് അന്തിമ വിധിയ്ക്ക് അനുസ്യതമായിരിക്കും. കൂടാതെ വോട്ട് ചെയ്യാനും രാജയ്ക്ക് അവകാശം ഉണ്ടായിരിക്കില്ല.
എ.രാജ സിപിഐഎം സ്ഥാനാർത്ഥിയായി ദേവികുളത്തുനിന്ന് മത്സരിച്ചത് 2021ൽ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തന്നെ എ.രാജയുടെ ജാതിസർട്ടിഫിക്കറ്റ് സംബന്ധിച്ച് തർക്കം നിലനിന്നിരുന്നു. എ.രാജ തെരഞ്ഞെടുപ്പ് സമയത്ത് സമർപ്പിച്ചത് വ്യാജ ജാതി സർട്ടിഫിക്കറ്റാണെന്നും എ.രാജയുടെ ഭാര്യയും മക്കളും ക്രൈസ്തവ വിശ്വാസം തുടരുന്നവരാണെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു.അതേസമയം, എ.രാജ മതപരിവർത്തനം ചെയ്ത ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ആളാണെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്.

