Sunday, January 11, 2026

ഷോപ്പിയാനിൽ സൈന്യം വധിച്ച ഭീകരൻ നിരവധി കേസുകളിൽ പ്രതി; അബ്ദുൾ ഖ്വയൂമിനെ ഉൾപ്പെടുത്തിയിരുന്നത് സി കാറ്റഗറിയിലെന്ന് പോലീസ്

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഭീകരനെയാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷാ സേന വധിച്ചത് ലഷ്‌കർ ഇ ത്വയ്ബ ഭീകരനായ അബ്ദുൾ ഖ്വയൂം ദാറിനെയാണ് എന്ന് ജമ്മു കശ്മീർ പോലീസ് സ്ഥിരീകരിച്ചു. പുൽവാമയിലെ ലാരൂ കക്കപോര സ്വദേശിയാണ് അബ്ദുൾ ഖ്വയൂം.ഇയാളെ പോലീസ് റെക്കോർഡ് പ്രകാരം സി കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ലഷ്‌കർ ഇ ത്വയ്ബയിൽ ചേരുന്നതിന് മുൻപ് അബ്ദുൾ ഭീകരർക്ക് താമസം ഉൾപ്പെടെയുള്ള സഹായം നൽകിയിരുന്നു. 2020 ൽ ഭീകരരെ ഒളിച്ചിരിക്കാൻ സഹായിച്ചതിന് പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം അബ്ദ്ദുളിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർന്ന് കഴിഞ്ഞ ആഗസ്റ്റിൽ ജയിൽ മോചിതനായ ഇയാൾ ഭീകര സംഘടനയിൽ ചേരുകയായിരുന്നു.

അതേസമയം ഷോപ്പിയാനിലെ ചെർമാർഗിലുള്ള സെയിൻപോര മേഖലയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്‌ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്ന് ഇതിന്റെ അടിസ്ഥാനത്തിൽ പിടികൂടാൻ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഭീകരർ ഇവരെ ആക്രമിച്ചു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏറ്റുമുട്ടൽ മേഖലയിൽ നിന്നും എകെ സീരിസ് തോക്കുകളും, മറ്റ് ആയുധങ്ങളും, ചില രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതെല്ലാം പോലീസ് പരിശോധിച്ചുവരികയാണ്.പിന്നീട് ഒന്നിലധികം ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നുണ്ടെന്നായിരുന്നു സുരക്ഷാസേനയ്‌ക്ക് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് തെരച്ചിൽ തുടരുകയായിരുന്നു. എന്നാൽ ഇതിനിടെ തെരച്ചിൽ നടത്തുന്ന സേനയ്‌ക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യുവരിച്ചു. രാഷ്‌ട്രീയ റൈഫിൽസിലെ സേനാംഗങ്ങളായ സന്തോഷ് യാദവ്, ചവൻ റോമിത് തനാജി എന്നിവരാണ് വീരമൃത്യുവരിച്ചത്.

Related Articles

Latest Articles