Sunday, October 18, 2026

കോടികളുടെ തട്ടിപ്പ് നടത്തിയ ക്രിപ്റ്റോ കറൻസി കമ്പനിയിൽ പങ്കാളിത്തമെന്ന് സംശയം; നടിമാരായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യും

പുതുച്ചേരി: ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയയെയും കാജൽ അഗർവാളിനെയും ചോദ്യം ചെയ്യാനൊരുങ്ങി പുതുച്ചേരി പോലീസ്. പുതുച്ചേരിയിൽ നിന്നുള്ള പത്തുപേരിൽ നിന്ന് 2.4 കോടി തട്ടിയെന്നാണ് പരാതി. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്‌ത്‌ 60 കോടിയോളം രൂപ തട്ടിയെന്നാണ് സൂചന. കേസിൽ അറസ്റ്റിലായവരിൽ നിന്ന് നടിമാരെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയായിരുന്നു.

കമ്പനിയുടെ പദ്ധതികളുടെ പ്രമോഷൻ പരിപാടികളിൽ നടിമാർ പങ്കെടുത്തിരുന്നു. 2022 ൽ തമന്ന അടക്കമുള്ള മുൻനിര നടിമാരെ പങ്കെടുപ്പിച്ചാണ് പരിപാടികൾ നടന്നത്. മൂന്നു മാസത്തിന് ശേഷം ചെന്നൈ മഹാബലിപുരത്ത് നടന്ന ചടങ്ങിൽ കാജൽ അഗർവാളാണ് പങ്കെടുത്തത്. ഈ പരിപാടിയിൽ നൂറുപേർക്ക് സമ്മാനമായി കാറുകൾ നൽകിയിരുന്നു. പിന്നീട് മുംബൈയിൽ നടന്ന പരിപാടിയിലും ഇവർ പങ്കെടുത്തിരുന്നു.

നിരോധിത ക്രിപ്റ്റോ കറൻസി ഉപയോഗിച്ചുള്ള ഇടപാടുകളാണ് നടന്നത്. ആദ്യ ഘട്ടങ്ങളിൽ നിക്ഷേപിച്ചവർക്ക് വരുമാനം കിട്ടിയെങ്കിലും പിന്നീട് വന്നവർക്ക് പണം നഷ്ടമാകുകയായിരുന്നു. കാജലിനും തമന്നയ്ക്കും കമ്പനിയിൽ പങ്കാളിത്തമുണ്ടെന്ന സംശയമാണ് പോലീസിനുള്ളത്. ഇവരുടെ സാമ്പത്തികൾ ഇടപാടുകൾ പോലീസ് നിരീക്ഷിച്ചിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ

Related Articles

Latest Articles