Friday, May 24, 2024
spot_img

‘ഇന്ത്യയുടെ സഹായത്തിന് നന്ദി, സംഘര്‍ഷം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തണം’; പലസ്തീന്‍

ദില്ലി: ഇസ്രായേലിലേക്കുള്ള ഹമാസ് ഭീകരാക്രമണത്തിൽ ദുരന്ത ഭൂമിയായി മാറിയ ഗാസയിലേക്ക് സഹായവുമായിയെത്തിയ ഭാരതത്തിന് നന്ദി അറിയിച്ച് പലസ്തീന്‍. ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ടെന്നും പലസ്തീന്‍ ജനതക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഇന്ത്യയിലെ പലസ്തീന്‍ അംബാസഡര്‍ അദ്‌നാൻ അബു അൽഹൈജാ പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ത്യ രാഷ്ട്രീയ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഇന്ത്യയുടെ മാനിഷികമായ ഇടപെടലിന് ഒരുപാട് നന്ദിയുണ്ട്. ഇത്തരത്തിലുള്ള സഹായമാണ് ഗാസയിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത്. ഇതോടൊപ്പം തന്നെ രാഷ്ട്രീയ ഇടപെടലും പ്രതീക്ഷിക്കുകയാണ്. പലസ്തീനുമായും ഇസ്രയേലുമായും ഇന്ത്യ നല്ല ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. അതിനാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടല്‍ നടത്തണം. അതൊടൊപ്പം മാനുഷികപരമായ സഹായം ഗാസയിലെത്തുകയും വേണം’ എന്ന് അദ്നാന്‍ അബു അല്‍ഹൈജാ പറഞ്ഞു.

ഇസ്രയേലുമായുള്ള യുദ്ധത്തിൽ തകർന്ന പലസ്തീന് മരുന്നുകള്‍, ടെന്‍റുകള്‍, ശസ്ത്രക്രിയ ഉപകരണങ്ങള്‍ തുടങ്ങിയവയാണ് ഇന്ത്യ ആദ്യഘട്ടത്തില്‍ പലസ്തീനിലേക്ക് അയച്ചത്. ഇന്ത്യയുടെ സഹായം ഈജിപ്ത് അതിർത്തി വഴി ഗാസയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. 6.5 ടൺ വൈദ്യസഹായ സാമ​ഗ്രികളും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം ഐഎഎഫ് സി-17 ഞായറാഴ്ച പുറപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തിലെ അൽ-അരിഷ് വിമാനത്താവളത്തിലാണ് ലാൻഡ് ചെയ്യുക. അവശ്യ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവയും അവശ്യവസ്തുക്കളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles