Monday, April 29, 2024
spot_img

മാനന്തവാടിയെ വിറപ്പിച്ച തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു; മരണകാരണം 20 ദിവസത്തിനിടെ രണ്ടാമതും മയക്കുവെടി വെച്ചതോ? ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു

ബെംഗളൂരു: മാനന്തവാടിയെ മുൾമുനയിൽ നിർത്തിയ തണ്ണീര്‍ കൊമ്പൻ ചരിഞ്ഞു. മാനന്തവാടിയില്‍നിന്നും മയക്കുവെടി വെച്ച് പിടികൂടി കര്‍ണാടകയിലെ ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിലെത്തിച്ച ശേഷം ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. തണ്ണീര്‍ കൊമ്പൻ ചരിയാനുണ്ടായ കാരണം വ്യക്തമല്ല.ആന ചരിഞ്ഞതായി കര്‍ണാടക പ്രിന്‍സിപ്പില്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സ്ഥിരീകരിച്ചു.

ആനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ പ്രത്യേകസംഘത്തെ നിയോഗിച്ചു. വെറ്ററിനറി സർജൻമാരുടെ സംഘം ഉടൻ ബന്ദിപ്പൂരിലെത്തും. ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തും. 20 ദിവസത്തിനിടെ ആന രണ്ടു തവണ മയക്കുവെടി ദൗത്യത്തിന് വിധേയമായിരുന്നു. ആനയക്ക് മറ്റെന്തെങ്കിലും പരിക്കുകളുണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പിന്‍റെ ബന്ദിപ്പൂരിലുള്ള ആന ക്യാമ്പില്‍ തണ്ണീര്‍ കൊമ്പനെ എത്തിച്ചിരുന്നത്.

അതേസമയം, തണ്ണീര്‍ കൊമ്പൻ ചരിഞ്ഞുവെന്ന വാര്‍ത്ത നടുക്കമുണ്ടാക്കിയെന്നും അഞ്ചംഗ ഉന്നത സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. വിദഗ്ധ പരിശോധന നടത്തുന്നതിന് മുമ്പെ ആന ചരിഞ്ഞു. മയക്കുവെടിയുടെ ഡോസ് സംബന്ധിച്ച കാര്യങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മാത്രമെ വ്യക്തമാകുകയുള്ളു. കേരളത്തിലെയും കര്‍ണാടകയിലെയും വെറ്ററിനറി ടീം സംയുക്തമായിട്ടായിരിക്കും ഇന്ന് തന്നെ ആനയുടെ പോസ്റ്റ്മോര്‍ട്ടം നടത്തുക.വിദഗ്ധ പരിശോധനയ്ക്കുശേഷം കാട്ടിലേക്ക് അയച്ചാല്‍ മതിയെന്നായിരുന്നു ഇന്നലെ രാത്രി തീരുമാനിച്ചിരുന്നത്. ഇന്ന് രാവിലെ പരിശോധന ആരംഭിക്കുന്നതിന് മുമ്പ് തന്നെ ആന ചരിഞ്ഞുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

Related Articles

Latest Articles