Friday, May 17, 2024
spot_img

വയനാട് ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ ഉടൻ മയക്കുവെടി വയ്ക്കും; ഡ്രോൺ  പറത്തി  നിരീക്ഷണം

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കരടിയെ ഉടൻ മയക്കുവെടിവയ്ക്കും. തരുവണയിലെ തോട്ടത്തിന് മുകളിൽ ഡ്രോൺ പറത്തി കരടിയെ നിരീക്ഷിക്കുന്നുണ്ട്. കരടി തോട്ടത്തിൽ നിന്ന് വയലിലേക്ക് ഇറങ്ങിയാൽ ഉടൻ മയക്കുവെടി വയ്ക്കുമെന്നാണ് റിപ്പോർട്ട്. തരുവണ കരിങ്ങാരിയിലെ നെൽപ്പാടത്തിനടുത്ത് ഒളിച്ചിരുന്ന കരടിയെ പടക്കം പൊട്ടിച്ച് പുറത്ത് ചാടിക്കുകയായിരുന്നു. ഇവിടെ നിന്നാണ് കരടി തോട്ടത്തിൽ പോയത്.

ഞായറാഴ്ച രാത്രി മാനന്തവാടിക്കു സമീപം വള്ളിയൂർക്കാവിലാണ് കരടിയുടെ സാന്നിധ്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ഇവിടെനിന്നു അഞ്ച് കിലോമീറ്റർ അകലെ തോണിച്ചാലിൽ തിങ്കളാഴ്ച രാവിലെ കരടി എത്തി. വള്ളിയൂർക്കാവിലും തോണിച്ചാലിലും കരടിയുടെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച അർധരാത്രിയോടെ പീച്ചങ്കോടിലെത്തിയ കരടി ക്വാറി റോഡിലെ രാജീവന്റെ വീട്ടിൽ കയറി.

അടുക്കളയിൽനിന്ന് എടുത്ത വെളിച്ചെണ്ണ നിറച്ച പ്ലാസ്റ്റിക് കുപ്പി എടുത്തുകൊണ്ടുപോയി കല്ലിൽ അടിച്ചുപൊട്ടിക്കാൻ ശ്രമിച്ചു. ശബ്ദം കേട്ടുണർന്ന വീട്ടുകാർ ഒച്ചയിട്ടതോടെ കരടി ഓടിപ്പോയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കരടിയെ പാലിയാണയിൽ കണ്ടത്. ആളുകളെ കാണുമ്പോൾ ഓടിപ്പോകുന്ന കരടി മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. എന്നാൽ പകൽ സമയത്തും കരടിയുടെ സാന്നിധ്യം സ്ഥീരീകരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.

Related Articles

Latest Articles