ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ തുടർക്കഥയാവുകയാണ്.ഇത് തടയിടാനുള്ള ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. ഡോകട്ർ വന്ദനദാസ് ഉൾപ്പെടെയുള്ളവർക്ക് സംഭവിച്ച കാര്യങ്ങൾ പരിഗണിച്ച് കൊണ്ടാണ് മന്ത്രിസഭായോഗം ഇന്ന് ഓർഡിനൻസ് പരിഗണിക്കുക.ഗുരുതര കുറ്റകൃത്യങ്ങള്‍ക്ക് പത്തുവര്‍ഷം തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി. നേരിട്ടും ഓണ്‍ലൈനായുമുള്ള അധിക്ഷേപങ്ങളും ഈ ഓർഡിനൻസിൽ ഉൾപ്പെടുത്തും.ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയോ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാശം വരുത്തുകയോ ചെയ്യുന്നവര്‍ക്ക് അഞ്ചു വര്‍ഷത്തിനു മുകളില്‍ ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് നിയമം ഭേദഗതി ചെയ്തിരിക്കുന്നത്.
നിലവിലെ നിയമം അനുസരിച്ച് ആരോഗ്യസ്ഥാപനങ്ങളിലോ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെയോ ആക്രമണം നടത്തിയാല്‍ മൂന്നു വര്‍ഷംവരെ തടവും 50000രൂപവരെ പിഴയുമാണ് പരമാവധി ശിക്ഷ. ഇത് ഭേദഗതി ചെയ്ത് 7വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും ഈടാക്കാനാണ് തീരുമാനം. ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ പത്തുവര്‍ഷം ശിക്ഷയും ഒരു ലക്ഷംരൂപയില്‍ കുറയാത്ത പിഴയും ലഭിക്കും. ഓര്‍ഡിനന്‍സിന്റെ കരട് ആരോഗ്യ ,ആഭ്യന്തര ,നിയമ വകുപ്പ് മന്ത്രിമാര്‍ക്ക് കൈമാറി. തുടര്‍ നടപടികള്‍ക്ക് ശേഷം മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.

