Friday, May 31, 2024
spot_img

ഹൈവേ മുറിച്ചുകടക്കുന്നതിനിടെ വണ്ടിയിടിച്ചു;പിന്നാലെയെത്തിയ വാഹനങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി;മൃതദേഹം ചിതറിയ നിലയിൽ!

ഗുരുഗ്രാം: ദില്ലി-ജയ്പൂർ ഹൈവേ മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ 35- കാരൻ കൊല്ലപ്പെട്ടു. പിന്നാലെയെത്തിയ നിരവധി വാഹനങ്ങൾ യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ചിതറിയ നിലയിലായിരുന്നു.

വ്യാഴായാഴ്ചയായിരുന്നു ദാരുണമായ അപകടമുണ്ടായത്. തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ മോഹൻ ഗാർഡനിലെ താമസക്കാരനായ രമേശ് നായക്കാണ് കൊല്ലപ്പെട്ടത്. ശരീരഭാഗങ്ങളിൽ കണ്ടെത്തിയ പഴ്സിൽ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. സ്‌കൂൾ ബസ് ഡ്രൈവറായ രമേശിന് ഭാര്യയെയും മൂന്നും, എട്ടും, പത്തും വയസുള്ള മൂന്ന് കുട്ടികളുമുണ്ട്.

സഹോദരിയെ കാണാൻ ജയ്പൂരിലേക്ക് പോവുകയായിരുന്നു രമേശ്. വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെ ദില്ലി-ജയ്പൂർ ദേശീയപാത 48-ൽ വെച്ചായിരുന്നു സംഭവം. യാത്രക്കിടെ അസുഖം തോന്നിയ ഇയാൾ യാത്ര ഉപേക്ഷിച്ച് ദില്ലിയിലേക്ക് മടങ്ങവെ ആയിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ രമേശിനെ ഒരു വാഹനം ഇടിച്ചിട്ടു. നിലത്തുവീണുകിടന്ന ഇയാളെ പിന്നിലുള്ള വാഹനങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല. തുടർന്ന് ഈ വാഹനങ്ങളെല്ലാം മൃതദേഹത്തിൽ കയറിയിറങ്ങുകയായിരുന്നു. മൃതദേഹ അവശിഷ്ടം ശ്രദ്ധയിൽ പെട്ട യാത്രക്കാരനാണ് സംഭവം പോലീസിനെ അറിയിച്ചത്.

തിരിച്ചറിയാത്ത ഡ്രൈവർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. കൃത്യമായി എത്രമണിക്കാണ് സംഭവം നടന്നത് എന്നറിയില്ലെന്നും, വിവരം ലഭിച്ചയുടൻ സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ശരീര അവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയായിരുന്നു എന്നും പോലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഇയാളെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles