Sunday, May 5, 2024
spot_img

ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ; സംസ്ഥാനപദവി എപ്പോൾ തിരികെ നൽകുമെന്നു ക‍ൃത്യമായി പറയാനാകില്ല ; കേന്ദ്ര ഭരണത്തിൻ കീഴിലായ ശേഷം സംസ്ഥാനത്ത് ക്രമസമാധാനത്തിൽ വൻ പുരോഗതിയെന്ന് സോളിസിറ്റർ ജനറൽ !

ദില്ലി : ജമ്മു കശ്മീരി‍ൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം തെരഞ്ഞെടുപ്പു കമ്മിഷന് എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെയുള്ള ഹർജികൾ പരിഗണിക്കവെയാണ് കേന്ദ്രം ഇക്കാര്യം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്.

വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ ഏതാണ്ട് പൂർത്തിയാക്കിയതായും പഞ്ചായത്ത്, മുൻസിപ്പിൽ തെരഞ്ഞെടുപ്പുകൾക്കു പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാകുമെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ പറഞ്ഞു. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശ പദവി താൽക്കാലികമാണെന്നും അതേസമയം സംസ്ഥാന പദവി എപ്പോൾ തിരികെ നൽകുമെന്നു ക‍ൃത്യമായി പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ലഡാക്കിന്റെ കാര്യത്തിൽ ലേയിലെ ഹിൽ ഡെവലപ്മെന്റ് കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു കഴിഞ്ഞു. കാർഗിലിലേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടക്കും. കഴിഞ്ഞ വർഷം 1.88 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിച്ചു. ഈ വർഷം ഇതുവരെ അവിടം സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം ഇപ്പോൾത്തന്നെ ഒരുകോടി പിന്നിട്ടു. 2018നെ അപേക്ഷിച്ച് ഭീകരാക്രമണങ്ങൾ 45.2% കുറഞ്ഞു. നുഴഞ്ഞുകയറ്റം 90.2 ശതമാനവും കുറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുന്നതും 65.9 ശതമാനമായി കുറഞ്ഞു. 2018ൽ 1,767 കല്ലേറ് നടന്നു. ഈ വർഷം ഒരു കല്ലേറുപോലും നടന്നില്ല. വിഘടനവാദികളുടെ പ്രതിഷേധം 2018ൽ 52 എണ്ണം നടന്നെങ്കിൽ ഈ വർഷം ഇതുവരെ ഒരു പ്രതിഷേധംപോലും നടന്നിട്ടില്ല’’ – തുഷാർ മേത്ത പറഞ്ഞു.

2019 ഓഗസ്റ്റ് അഞ്ചിനാണു കേന്ദ്ര സർക്കാർ ഭരണഘടനയിലെ 370–ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്നതും ജമ്മു–കശ്മീർ, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നൽകുന്നത് റദ്ദാക്കുന്നതും. പിന്നാലെ ഒക്ടോബർ 31നു ജമ്മു കശ്മീർ, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങൾ രൂപീകരിച്ചു. ജമ്മു കശ്മീരിൽ അധികാര പദവി ഗവർണറിൽനിന്നു ലഫ്. ഗവർണറിലേക്കു മാറ്റുകയും ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലാകുകയും ചെയ്തു.

Related Articles

Latest Articles